Monday, March 24, 2008

മരണം ഓണ്‍ലൈന്‍

ഓണ്‍ലൈന്‍
"മറ്റൊരാളെ കൊല്ലുന്നതിനേക്കാള്‍ എളുപ്പമാണ്‌ സ്വയം കൊല്ലുന്നത്‌"- സൈബര്‍ ലോകത്ത്‌ പ്രശസ്‌തി പിടിച്ചു പറ്റിയ ഒരു വാചകമാണിത്‌. ജീവിതത്തിലൊരിക്കലും നേര്‍ക്കുനേര്‍ കണാത്തവര്‍ സൈബര്‍ ലോകത്തെ വാചക കസര്‍ത്തുകളിലൂടെ പരിചയപ്പെട്ട്‌, ഒരു ദിവസം തീരുമാനിക്കുന്നു ഒന്നിച്ച്‌ മരിക്കാന്‍, ചിലപ്പോള്‍ പ്രശസ്‌തിക്ക്‌ വേണ്ടിയാകാം അല്ലെങ്കില്‍ ഒരു കാര്യവും ഇല്ലാതെ ജീവിതം ശൂന്യമായെന്ന്‌ തോന്നിയത്‌ കൊണ്ടാകാം.
കാതങ്ങള്‍ അകലെയുള്ള കാമുകിയെ സാക്ഷിയാക്കി ബി ഡി എസ്‌ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്‌ എന്ന ഇരുപത്തൊന്നുകാരന്‌ മരിക്കാന്‍ മാധ്യമമായതും ഇന്‍റര്‍നെറ്റായിരുന്നു. ബന്ധുകൂടിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന്‌ മനസിലാക്കിയപ്പോള്‍ വെബ്‌കാമില്‍ സ്വന്തം ജീവിതം അവള്‍ക്കുമുന്നില്‍ ലൈവായി നഷ്ടപ്പെടുത്തുകയായിരുന്നു കാര്‍ത്തിക്‌.
സ്വയം മരിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ്‌ ഇപ്പോള്‍ സൈബര്‍ ലോകത്ത്‌ പ്രിയങ്കരമായി മാറിയിരിക്കുന്നത്‌. എളുപ്പത്തില്‍ മരിക്കാനുള്ള തന്ത്രങ്ങളും ചെറുവിദ്യകളും വീഡിയോകളും ചിത്രങ്ങളും വിശദാംശങ്ങളുമെല്ലാം നെറ്റില്‍ സുലഭമാണ്‌. നെറ്റിലൂടെ കിട്ടിയ സൂത്രവിദ്യകളുപയോഗിച്ച്‌ ആത്മഹത്യക്ക്‌ ഒരു യന്ത്രമുണ്ടാക്കി മരിച്ച എണ്‍പത്തൊന്നുകാരനെ കുറിച്ചുള്ള വാര്‍ത്താണ്‌ ഇപ്പോള്‍ ചൂടായി നെറ്റില്‍ പ്രചരിക്കുന്നത്‌.
ആത്മഹത്യ എന്നത്‌ ധൈര്യപ്രകടനത്തിന്‍റേയും തന്‍റേടത്തിന്‍റേയും പ്രകടനമായി വ്യാഖ്യാനിക്കപ്പെടാനും സാധാരണമായ പ്രക്രീയ മാത്രമായി ചിത്രീകരിക്കപ്പെടാന്‍ ഇന്‍റര്‍നെറ്റിന്‍റെ സ്വാധീനം വഴിവെച്ചോ എന്നും പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.
ജീവിതത്തെ പോലെ മരണവും ഇപ്പോള്‍ ഓണ്‍ലൈനാണ്‌. മരിക്കാന്‍ ത്വരയുള്ളവര്‍ക്ക്‌‌ ഒന്നിക്കാനും ആശയകൈമാറ്റത്തിനും സൈബര്‍ലോകം പുതിയ സാധ്യത തുറന്നിരിക്കുകയാണ്‌. സാമൂഹിക വെബ്‌സൈറ്റുകളിലെല്ലാം ആത്മഹത്യാ ഗ്രൂപ്പുകള്‍ ദിനം പ്രതി വളര്‍ന്നു കൊണ്ടിരിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വെബ്‌സൈറ്റുകള്‍ പൊലും വന്‍ പ്രചാരം സിദ്ധിച്ചിരിക്കുന്നു.
ഇത്തരം സാമൂഹിക സൈറ്റുകളില്‍ ഇടപഴകുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണെന്നാണ്‌ ഞെട്ടിക്കുന്ന മറ്റൊരു വസ്‌തുത. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ പ്രവണതയുള്ളത്‌ മലയാളികള്‍ക്കാണ്‌ എന്നതാണ്‌ വസ്‌തുത. മൂന്നരക്കോടി യോളം മാത്രമേ ജനസംഖ്യയുള്ളു എങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ അരങ്ങേറുന്നത്‌ കേരളത്തിലാണ്‌. സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ കണക്ക്‌ പ്രകാരം 2005ല്‍ ലക്ഷത്തില്‍ 25 പേര്‍ വീതം ഇന്ത്യയില്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ട്‌.
കടപ്പാട്- എംഎസ്എന്‍ മലയാളം

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham