Thursday, March 16, 2006

കീടനാശിനി നിയമം പരിഷ്കരിക്കണം

* ആക്ഷേപങ്ങളും അഭിപ്രായങ്ങളും *

1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും വളരെ കാലപ്പഴക്കം ചെന്നതും ദോഷകരവുമാണ്‌. അന്ന്‌ നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട്‌ ആകൃതിയിൽ നിറഭേദം കൊണ്ട്‌ കടുത്തവിഷം ചുവപ്പും വിഷ സൂചനയും, കൂടിയവിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട്‌ വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിർമിത വിഷങ്ങളും കടുത്തവിഷമായ ചുവപ്പിൽ വന്നുചേർന്നു. 35 വർഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ കുട്ടിച്ചോറാക്കിയെന്നതാണ്‌ വാസ്തവം.

നാൾക്കുനാൾ വിപണിയിലെത്തുന്ന പുതുപുത്തൻ വിഷങ്ങളെപ്പറ്റി പഠനമോ ഗവേഷണമോ നടത്താതെ നമ്മുടെ കൃഷിശസ്ത്രജ്ഞർതന്നെ പ്രചാരവും കൊടുക്കുന്നു. അതിന്‌ ഏറ്റവും പുതിയ തെളിവാണ്‌ വെള്ളായണി കാർഷിക സർവകലാശാലയിലെ ഗവേഷകർ ഫലപ്രദമായ റോഡന്റിസൈഡാണ്‌ ബ്രോമാഡിയോലോൺ എന്ന്‌ പ്രഖ്യാപിച്ചത്‌. വേൾഡ്‌ ഹെൽത്ത്‌ ഓർഗനൈസേഷന്റെ സൈറ്റിൽ ഈ വിഷം തികച്ചും അപകടകാരി എന്നും, അതിന്‌ മുൻപ്‌ ലഭ്യമായ കാർബോഫുറാൻ വൻ അപകടകാരി എന്നും ഇരുപതു വർഷമായി ഉപയോഗിക്കുന്ന എൻഡോസൾഫാൻ മിതമായ തോതിൽ അപകടകാരി എന്നും പറയുന്നു. വ്യത്യസ്ഥങ്ങളായ വീര്യമുള്ള ഇവയെല്ലാം തന്നെ ഇന്ത്യയിൽ കഠിനവിഷത്തിലാണ്‌ വരുന്നത്‌. വിഷങ്ങളെല്ലാം തന്നെ വൃക്ഷലതാദികൾക്കും പക്ഷിമൃഗാദികൾക്കും മനുഷ്യനും ഹാനികരമാണ്‌ എന്ന്‌ പ്രത്യേകമ്പറയേണ്ട കാര്യമില്ലല്ലോ. പഞ്ചഭൂതങ്ങളെ നശിപ്പിക്കുന്നവിഷങ്ങളുടെ വീര്യത പരിഗണിച്ച്‌ കാലഹരണപ്പെട്ട പഴയ ഇൻസെക്ടിസൈഡ്‌ ആക്ടും റൂളും ഭേദഗതിവരുത്തുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കരിനുതന്നെയാണ്‌. എൻഡോസൾഫാനേക്കാൾ വീര്യം കൂടിയ ബ്രോമാഡിയോലോൺ ഗോതമ്പ്‌മാവും തേങ്ങപിണ്ണാക്കും പഞ്ചസാരയും കലർന്ന മിശ്രിതത്തിൽ 0.005 ശതമാനം മാത്രമേ ഈ വിഷം അടങ്ങിയിട്ടുള്ളുവെന്നും അതിനാൽ താനിത്‌ ഭക്ഷിച്ച്‌ കാണിക്കാം എന്നും കൃഷിോഫീസറുടെ സാന്നിധ്യത്തിൽ വെയർ ഹൌസിംഗ്‌ കോർപ്പറേഷന്റെ പ്രതിനിധി എന്റെ ഗ്രാമവാസികളോട്‌ പറയുമ്പോൾ ഒരു ജനതയെ അറിഞ്ഞുകൊണ്ട്‌ കൊല്ലുകയല്ലെ ചെയ്യുന്നത്‌. രാസവളവും മറ്റും കാർഷികേതരപട്ടികയിൽ വരുമ്പോൾ ഇത്തരം കാർഷിക ഉത്‌പന്നമല്ലാത്ത വിഷങ്ങൾ കാർഷികപട്ടികയിൽ വരുന്നത്‌ ശരിയാണോ? കേരളത്തിലെ എം.പി മാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും കീടനാശിനി-വിൽപ്പന നിയമങ്ങൾ ഭേദഗതി ചെയ്യിക്കുമെന്നും കേരളത്തെ രക്ഷിക്കുമെന്നും പ്രതീക്ഷിക്കട്ടെ!

എസ്‌.ചന്ദ്രശേഖരൻ നായർ

കടപ്പാട്‌ മാതൃഭൂമി: 16-03-06

http://www.deshabhimani.com/archives/19022006/news/k9.htm