Thursday, November 16, 2006

വിപണി വിലകള്‍ നിയന്ത്രിക്കുന്നതാര് ?

ബാബുക്കുട്ടന്‍ എന്ന ബ്ലോഗര്‍ എല്ലായിടത്തും ചെന്നെത്തുന്നതുപോലയോ കെ.എസ്.ആര്‍.ടി.സി കം‌ഫര്‍ട്ട്‌ സ്റ്റേഷനിലെ ചുവരെഴുത്തുപോലയോ അല്ല എനിക്ക്‌ പറയാനുള്ളത്‌. കാരണം ഞാന്‍ ബസ്‌ യാത്ര അധികം ചെയ്യാറില്ല (ട്രയിനിലെ ടോയിലറ്റില്‍ കണ്ടിട്ടുണ്ട്‌) അതുകാരണം സ്വന്തം പേരും ഫോണ്‍‌‌നമ്പരും അഡ്രസും എഴുതിവെച്ച്‌ പ്രശസ്തനാകുന്നതും 10 ലക്ഷം റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്ന കള്ളക്കണക്കുകള്‍ തെളിവുസഹിതം പ്രസിദ്ധീകരിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ട്‌ എന്നുമാത്രം. ഈ കള്ളക്കണക്കുകള്‍ വിക്കിയിലിടാന്‍ നോക്കി നടന്നില്ല അതുകാരണം എന്റെ ബ്ലോഗില്‍ തന്നെ ഇട്ടു. പ്രശസ്തമായ സെര്‍ച്ച്‌ എഞ്ചിനുകളില്‍ എന്റെ ഒന്നല്ല അനേകം പേജുകള്‍ തന്നെ തെളിഞ്ഞുവരും. ആരും അംഗീകരി‍ക്കാത്ത എന്നെ ബ്ലോഗുകളും ഇന്റെര്‍നെറ്റും പ്രശസ്തനാക്കി എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമില്ല എന്നുമാത്രമല്ല ഈ ബൂലോഗ കൂട്ടായ്മയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറശില്പികളെ നന്ദിപൂര്‍വം സ്മരിക്കുകയും ചെയ്യുന്നു. ഇവരില്‍ സിബു, വിശ്വം, രാജ്‌നായര്‍, അനില്‍, ഏവുരാന്‍, എം.കെ.പോള്‍, സുനില്‍, കലേഷ്‌ തൂടങ്ങി പലരും ഈ പൊട്ടനായ എന്റെ ബ്ലോഗുകളിലെ പാളീച്ചകള്‍ തിരുത്തുവാനും മറ്റും പലരീതിയിലും സഹായിച്ചിട്ടും ഉണ്ട്‌. അതിനാല്‍ ഇപ്പോള്‍ ഞാനേകനല്ല എന്റെ പിന്നില്‍ ചെറിയ ഒരു ബൂലോഗം (ബൂലോഗത്തില്‍ എന്നോട്‌ എതിര്‍പ്പുള്ളവര്‍ കൂടുതലായിരിക്കാം) തന്നെയുണ്ട്‌. പലരും ടെലഫോണിലൂടേയും നേരിട്ടും ഈമെയിലുകളായും നിഷ്കളങ്കമായ പ്രശംസ അറിയിക്കാറും ഉണ്ട്‌. കമ്പ്യൂട്ടറിന്റെ കാനാ പൂനാ അറിയില്ലായിരുന്ന എനിക്ക്‌ ബൂലോഗ മലയാളികളുടെ ഇടയില്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്നല്ലോ. വാര്‍ത്തകള്‍ മാധ്യമങ്ങളുടെ കൈക്കുള്ളിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗുകള്‍ക്ക്‌ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുവാനുള്ള പഴുതുകള്‍ ആരായുകയാണ് പലരും. 50,000 ടണ്‍ സ്വാഭാവിക റബ്ബര്‍ കയറ്റുമതിചെയ്തത്‌ കര്‍ഷകര്‍ക്കുവേണ്ടിയാണെന്ന്‌ മാധ്യമങ്ങള്‍ പറയുമ്പോള്‍ അല്ല അത്‌ വെട്ടിപ്പിനും തട്ടിപ്പിനും അവസരമൊരുക്കുകയാണ് എന്ന്‌ തെളിവുകള്‍ സഹിതം നിരത്തുവാന്‍ എന്റെ ബ്ലോഗുകളില്‍ മൈക്രോസോഫ്റ്റ്‌ എക്സല്‍, പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയിലൂടെ അവതരിപ്പിക്കുവാന്‍ കഴിയുന്നത്‌ ചിലപ്പോള്‍ നാളെ ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിഞ്ഞെന്നും വരും. അതുവരെ ചൊറിച്ചിലുള്ളവര്‍ കാത്തിരിക്കുക.
സ്വന്തം ടയര്‍ കമ്പനിക്കുവേണ്ടീ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കാത്ത വിപണി വിലകള്‍ കേരളത്തിലെ ചെറുകിടകച്ചവടക്കാരെ നിയന്ത്രിക്കുവാന്‍വേണ്ടി പ്രസിദ്ധീകരിക്കുന്നത്‌ (വ്യാപാരിവില - ഇവര്‍ക്ക്‌ സംസ്ഥാന സര്‍ക്കാരോ റബ്ബര്‍ ബോര്‍ഡോ അധികാരമോ ലൈസന്‍സോ നല്‍കിയിട്ടുണ്ടോ?) സ്വന്തം പത്രം മുഖാന്തിരം ആണ് എങ്കില്‍ നാളെ മറ്റൊരു പത്രത്തിന് കര്‍ഷകര്‍ക്കുവേണ്ടി സ്വന്തംസ്വാധീനമുള്ള കടയില്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ കൂടിയ വിലയ്ക്ക്‌ വിറ്റിട്ട്‌ കൂടിയ വിലയും പ്രസിദ്ധീകരിക്കുവാന്‍ കഴിയുമല്ലോ? ഇത്തരത്തില്‍ കള്ള വിലകള്‍ സ്വന്ത‌ഇഷ്ടത്തിന് പ്രസിദ്ധീകരിച്ചും റബ്ബര്‍ ആക്ട്‌ നിഷ്കര്‍ഷിക്കുന്ന ഗ്രേഡിംഗ്‌ മാനദണ്ഡമായ ഗ്രീന്‍ബുക്കുപോലും പ്രദര്‍ശിപ്പിക്കാതെ അതിര്‍ത്തികളിലൂടെ കള്ളക്കടത്ത്‌ നടത്തിയും കൂടിയ അന്താരാഷ്ട്ര വിലയുള്ളപ്പോള്‍ പകുതിവിലയ്ക്ക്‌ കയറ്റുമതി ചെയ്തും സംസ്ഥാന ഖജനാവെന്ന പൊതുജനത്തിന്റെ ധനമല്ലെ കൊള്ളയടിക്കപ്പെടുന്നത്‌?

തിരുവനന്തപുരത്തെ നെടുമങ്ങാട്‌ മാര്‍ക്കറ്റ്‌ ആണ് പല കാര്‍ഷികോത്‌പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നത്‌. അവിടത്തെ റബ്ബറിന് വില 14-11-06 ന് 65 രൂപമുതല്‍ 78 വരെ ആയിരുന്നു എന്ന്‌ ഒരു മലയാള പത്രത്തില്‍ വരുമ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റില്‍ കോട്ടയത്ത്‌ ആര്‍.എസ്.എസ്‌ 4 ന് 82.75 രൂപ/കിലോ എന്നും 5- ന് 80.50 രൂപ എന്നും കാണുവാന്‍ കഴിയും. ഇത്തരം താണ വിലകള്‍ കേരളത്തില്‍ വേരുകള്‍ ഉള്ളവര്‍ക്കു മാത്രമേ മനസിലാക്കുവാന്‍ കഴിയൂ. കേരളത്തില്‍ നിന്ന്‌ വെളിയിലേയ്ക്ക്‌ പോകുന്നത്‌ ഉയന്ന ഗ്രേഡില്‍ കൂടിയ വിലയ്ക്കും. ഇതെന്ത്‌ നീതി? ഇന്ത്യയിലെ റബ്ബര്‍ ഉത്‌പാദകരെയും ഉപഭോക്താക്കളെയും ഒരേപോലെ കബളി‍പ്പിക്കുന്ന നടപടിയല്ലെ ഇത്‌?
നിങ്ങള്‍ക്ക്‌ ഒരു ലക്ഷം തേങ്ങ കേരളത്തില്‍നിന്ന്‌ വാങ്ങണമെങ്കില്‍ ഒരായിരം തേങ്ങ ഇപ്രകാരമുള്ള ചന്തയില്‍ കൊണ്ടുപോയി പകുതി വിലയ്ക്ക്‌ വില്‍ക്കൂ. നാളെ പത്രത്തില്‍ ആ താണ വില വരും. കുറച്ച്‌ ദിവസം കൊണ്ട്‌ ഒന്നല്ല 10 ലക്ഷം തേങ്ങ വേണമെങ്കിലും പകുതിവിലയ്ക്ക്‌ സംഭരിക്കാം. എന്നിട്ട്‌ 500 തേങ്ങ കൂടിയ വിലയ്ക്ക്‌ വിറ്റാല്‍ മതി ആവശ്യത്തിലധികം ലാഭമുണ്ടാക്കാം. ഇതുതന്നെയാണ് എല്ലാ കാര്‍ഷികോത്‌പന്നത്തിന്റെയും ഗതി. ഇടനിലക്കാരുടെ നല്ല കാലം അല്ലാതെ എന്താ പറയുക.
“ഒരാശ്വാസമുള്ളത്‌ കര്‍ഷകരുടെ അവശതയില്‍ പലരും ദുഃഖിതരാണ് വ്യാകുലരാണ്”
ഞാനീ ബ്ലോഗ്‌ ഡീലീറ്റ്‌ ചെയ്യാം എന്നുകരുതി തുറന്നപ്പോള്‍ ഒരു കമെന്റ്‌ കിടക്കുന്നു. അതിനാല്‍ ചില അക്ഷരതെറ്റുകള്‍ തിരുത്തി അപ്‌ഡേറ്റ്‌ ചെയ്യുന്നു.

മിനിസ്ട്രി ഓഫ്‌ കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍/തെറ്റായ
കണക്കുകള്‍ മൈക്രോസോഫ്‌റ്റ്‌ എക്സല്‍ വര്‍ക്‌ഷീറ്റുകളായി ചുവടെ
ചേര്‍ക്കുന്നു.

1. 1990 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

2. 1996 ഏപ്രില്‍ മുതല്‍ ലഭ്യമായ കണക്കുകള്‍

3. കയറ്റുമതി തട്ടിപ്പുകള്‍

4. ഇറക്കുമതി തട്ടിപ്പുകള്‍

5. വിലകള്‍ - കയറ്റുമതി ഇറക്കുമതി മിസ്സിംഗ്‌ (വെബ്‌ പേജ്‌)

6. ഇതാ ഒരു പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍ (18-11-06)

വിഷയം: വിപണി

29 comments:

മഴത്തുള്ളി said...

ചന്ദ്രേട്ടാ, കൊള്ളാം താങ്കളുടെ അവലോകനങ്ങള്‍ വളരെ ശരിയാണ്. പാവപ്പെട്ട കര്‍ഷകന്‍ വര്‍ഷങ്ങളായി അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന കാര്‍ഷികവിഭവങ്ങള്‍ക്ക് വിലയില്ലാതെ വരുന്ന ഒരു അവസ്ഥ ഇന്നും ഇന്നലെയും കാണുന്നതല്ലല്ലോ. ഇങ്ങനെയുള്ള നല്ല നല്ല വിമര്‍ശനങ്ങളും, കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും ഉപദേശങ്ങളുമെല്ലാം കര്‍ഷകരുടെ ഇന്നത്തെ സ്ഥിതി അല്പമെങ്കിലും മെച്ചപ്പെടുത്താന്‍ സഹായിക്കട്ടെ.

കേരളഫാർമർ/keralafarmer said...

മഴത്തുള്ളി: താങ്കളുടെ ഏക കമെന്റ്‌ മതി ഞാന്‍ ധന്യനായി. ആര്‍ക്കും ഇഷ്ടമല്ലാത്ത ബ്ലോഗെന്തിന് നിലനിറുത്തണം എന്ന എന്റെ സംശയം മാറിക്കിട്ടി. കളിതമാശകളും വലിയ ജ്ഞാനവും എന്റെ പക്കലില്ല. പരിമിതമായ അറിവുകള്‍ മാത്രം. ഒരു പത്രത്തിലെ മലയാളം വാര്‍ത്ത സെര്‍ച്ച്‌ എഞ്ചിനില്‍ വരണമെങ്കില്‍ ഒരു യൂണികോഡ്‌ ബ്ലോഗറുടെ സഹായം ഇന്ന്‌ കൂടിയേ തീരൂ.

കുറുമാന്‍ said...

ചന്ദ്രേട്ടാ, എന്താ പറഞ്ഞത്? ആര്‍ക്കും ഇഷ്ടമല്ലാത്ത ബ്ലോഗ് എന്നോ? ആരാ പറഞ്ഞത് അത്? തീര്‍ച്ചയായും, ഇവിടെയുള്ള ബ്ലോഗുകളില്‍ വായിച്ചാല്‍ പ്രത്യേകിച്ചും, കാര്‍ഷികമായ കാര്യങ്ങളെ കുറിച്ച് അറിവുകിട്ടുന്ന ഒരു ബ്ലോഗാണിത്.

കേരളഫാർമർ/keralafarmer said...

താങ്ക്യൂ കുറുമാന്‍

അതുല്യ said...

ചന്ദ്രേട്ടാ, ഞാന്‍ മാപ്പിരയ്കുന്നു. വിഷയങ്ങളിലുള്ള അറിവില്യായ്മ കൊണ്ടാണു ഞാന്‍ അവിടെ എത്താന്‍ മടിയ്കുന്നത്‌. ഏത്‌ ബ്ലോഗ്‌ മെമ്പേഴ്സ്‌ കൂടുമ്പോഴും ചന്ദ്രെട്ടന്‍ ഒരു സ്പെഷല്‍ വിഷയമാവുക പതിവാണു. പക്ഷെ തീരെ റ്റച്ചില്ലാത്ത വിഷയമായത്‌ കൊണ്ടാണു ഞാന്‍ എന്തെങ്കിലും പറയാത്തത്‌. പിന്നെ തര്‍ക്കുത്തരം പറഞ്ഞിരിയ്കുന്നതിനു ചന്ദ്രെട്ടന്റെ ബ്ലോഗ്‌ വേണ്ടാന്നും കരുതി. ദയവായി ചന്ദ്രേട്ടന്റെ എല്ലാ ഉദ്യമങ്ങള്‍ക്ക്കും ഞങ്ങളുണ്ടാകും.

ikkaas|ഇക്കാസ് said...

ചന്ദ്രേട്ടാ,
ചന്ദ്രേട്ടനെഴുതുന്നവയില്‍ പലതും വായിക്കാറുണ്ട്.
നിങ്ങളെഴുതുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതുകൊണ്ടാ കമന്റിടാത്തത്.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ചന്ദ്രേട്ടാ,

കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശനങ്ങളും അതിനുള്ള പ്രതിവിധികളും ചന്ദ്രേട്ടന്റെ ബ്ലോഗിലല്ലാതെ നമുക്ക്‌ വേറെ എവിടുന്നു കിട്ടാന്‍. മാത്രുഭൂമിയില്‍ മലയാളം ബ്ലോഗിനെകുറിച്ചുള്ള ലേഖനം, ചന്ദ്രേട്ടന്‍ തന്ന ലിങ്കിലൂടെയാണ്‌ മനസ്സിലായത്‌. റബ്ബറിന്റെയും മറ്റു കാര്‍ഷിക വിളകളുടെയും പുതിയ വില നിലവാരവും, അവയുടെ ഉല്‍പ്പാദനത്തില്‍ കേരള കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശനങ്ങളും ചന്ദ്രേട്ടന്റെ ബ്ലോഗില്‍ നിന്നാണ്‌ ബ്ലോഗ്‌ ലോകം അറീയുന്നത്‌. ഒരിക്കലും ഈ ബ്ലോഗ്‌ നിര്‍ത്തരുത്‌.
ഒരു കര്‍ഷകന്റെ വിഷമം എല്ലാവരും തിരിച്ചറിയേണ്ട നേരമായി....

ചന്ദ്രേട്ടനോടൊപ്പം ഞങ്ങളുണ്ട്‌.....

പട്ടേരി l Patteri said...

ചന്ദ്രേട്ടാ,
സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുന്ണ്ട്
പിന്നെ റബ്ബറിനെ കുറിച്ച് പറയുന്നിടത്ത് ന്യൂയോര്‍ക് സ്റ്റോക്ക് എക്സ്ച്ചേനിന്റെ ഇന്‍ഡെക്ക്സിനെ കുറിച്ചു പറഞ്ഞു ഓഫറിക്കേണ്ടാ എന്നു കരുതിയാ മിണ്ടാതെ പോകുന്നതു. പിന്നെ ഇതിനെ പറ്റി ആധികാരികമായി പറയാന്‍ ഒന്നും അറിയില്ല എന്ന സത്യവും ...
എന്തായാലും ഇതൊക്കെ വായിക്കുമ്പോല്‍ നമ്മള്‍ വെട്ടി വിഴുങ്ങുന്ന കാര്‍ഷിക വിഭവങ്ങളെ കുറിച്ചുള്ള അറിവും പിന്നെ ഇതൊക്കെ പ്രാധാന്യത്തൊടെ കാണുന്ന അങ്ങയെ പോലെ ഉള്ളവര്‍ ഉണ്ടെന്ന ആശ്വാസവും ഉണ്ടു...
ഒരു പക്ഷേ ഇന്നു കേരളത്തിലുള്ള കര്‍കര്‍ഷക്കെല്ലാം ബ്ലോഗിങ്ങിനു ഉള്ള പരിമിതികള്‍ ആകാം ഇതിനു ഒരു കാരണം നാളെ ഇതൊക്കെ മാറി കേരളത്തിലെ കര്‍ഷകരും പഞ്ചാബിലെയും യു എസിലേയും കര്‍ഷകരെ പോലെ അകുമ്പോള്‍ ഇവിടെയും നടക്കും തീ പാറുന്ന ചര്‍ച്ചകള്‍ ....
നാട്ടില്‍ പോയാല്‍ തോട്ടത്തില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ റെഫര്‍ ചെയ്യേണ്ട ബ്ലോഗ് ആണ്‍ ഇതു... എഴുത്ത് നിര്‍ത്തരുതു പ്ലീസ്
ഓഫിനു മാപ്പ്
qw_er_ty

മഴത്തുള്ളി said...

ചന്ദ്രേട്ടാ, താങ്കളുടെ ബ്ലോഗ് ഇഷ്ടപ്പെടുന്നവര്‍ വളരെയുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ :-) ഞാന്‍ കഴിഞ്ഞ ദിവസം ചന്ദ്രേട്ടനെ വിളിച്ചതിന്റെ ഉദ്ദേശം തന്നെ താങ്കളോട് ചില സംശയങ്ങള്‍ ചോദിക്കാനായിരുന്നു. എനിക്ക് താമസിക്കാതെ നാട്ടിലേക്ക് താമസം മാറ്റണമെന്നുണ്ട്. അതിന് മുന്നോടിയായി എന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ കുറച്ച് സ്ഥലം (റബ്ബര്‍) വാങ്ങാന്‍ പ്ലാന്‍ ഇട്ടിരിക്കുകയാണ്. ചന്ദ്രേട്ടനില്‍ നിന്ന് അവിടത്തെ ചില കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചു.

അതിനാല്‍ വിലപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇനിയും ബ്ലോഗിലൂടെ പകര്‍ന്നുതരൂ. കമന്റ് കുറഞ്ഞാലും വായിക്കാന്‍ ധാരാളം പേരുണ്ടാവും.

കേരളഫാർമർ/keralafarmer said...

കമെന്റിട്ടില്ലെങ്കിലും വായനക്കാര്‍ ഉണ്ട്‌ എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. തീര്‍ച്ചയായും കര്‍ഷകരുടെ വേദനകള്‍, അസംഘടിതരായ കര്‍ഷക തൊഴിലാളിയുടെ നൊമ്പരരങ്ങള്‍, രാഷ്ട്രീയക്കാരന്റെ കാപട്യങ്ങള്‍, വര്‍ഗീയതയുടെ ദോഷങ്ങള്‍, മാധ്യമങ്ങളുടെ ലക്ഷ്യം ഇവയെല്ലാം എന്റെ മുന്നിലുള്ള വിഷയങ്ങളാണ്. എന്നെക്കൊണ്ട്‌ ആവും വിധം തുടരുകതന്നെ ചെയ്യും. അശക്തനായ ഞാന്‍ ശക്തന്മാരോടാണ് ഏറ്റുമുട്ടുന്നത്‌. അതിനാല്‍ എനിക്ക്‌ നിങ്ങളുടെ സഹായം കൂടിയേ തീരു. വളരുന്ന ഇന്റെര്‍നെറ്റ്‌ നമുക്കൊരാശ്വാസം തന്നെ.

അതുല്യ said...

ചന്ദ്രേട്ടാ എന്തും എപ്പോഴും ഞങ്ങളൊക്കെയുണ്ടാകും കൂട്ടിനു. എല്ലാ ഭാവുകങ്ങളും. ചന്ദ്രേട്ടന്റെ ആവേശമാണു നിങ്ങളുടേ ശക്തി. അതിനെ കുറച്ച്‌ കാണല്ലേ ദയവായി. ആരുണ്ടിവിടേ ഈ കൂട്ടായ്മയില്‍ ഇത്ര പ്രായത്തിലും, എല്ലാ കാര്യവും, ഓടി നടന്ന് ചെയ്ത്‌, അറിയിയ്കേണ്ടവരെ അറിയിച്ച്‌,കമ്പ്യൂട്ടറിലിരുന്ന് അതൊക്കെ ഞങ്ങള്‍ക്കും കൂടി പകര്‍ന്ന് തന്ന് ഒക്കെ ചെയ്യാന്‍? നിങ്ങളെ കണ്ടവരില്‍ ഒരുവള്‍ എന്ന നിലയ്കും, പല തവണ ഫോണില്‍ വിളിച്ച സ്ഥിതിയ്കും ചന്ദ്രേട്ടന്റെ സ്ഥാനം എന്റെ മനസ്സില്‍ വിലയേറിയതാണു.

(മീറ്റിനു വന്നപ്പോള്‍, എനിക്ക്‌ വേഗം പോണം, എന്റെ കറമ്പി പശു വിനെ കറക്കണം അത്‌ കൊണ്ടാണു എന്ന് പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു.)

ദേവന്‍ said...

ചന്ദ്രേട്ടന്റെ ബ്ലോഗ്‌ കാണുമ്പോള്‍ കുറ്റബോധം കൊണ്ടാണ്‌ മിക്കപ്പോഴും ഒന്നുമെഴുതാത്തത്‌. മണ്ണു തൊടാതെ നില്‍ക്കുന്ന വീട്ടില്‍ താമസമായ ഞാന്‍ എന്തറിയാന്‍, എന്തെഴുതാന്‍. ബാല്യത്തിലെന്നോ വിത്തു വിതച്ചതിന്റെയും കളപറിച്ചതിന്റെയും ഓര്‍മ്മയും പ്പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഒരു ഭാഗം കുറച്ചു കാലം ഓഡിറ്റ്‌ ചെയ്ത പരിചയവും (അതാണെങ്കില്‍ കുമ്പസാര രഹസ്യം പോലെ എനിക്കു പുറത്തു പറഞ്ഞുകൂടാത്ത കാര്യങ്ങളും)വച്ച്‌ ഞാന്‍ എന്റെങ്കിലും എഴുതിയാല്‍ തന്നെ അത്‌ ഒരു കവല പ്രസംഗം പോലെ എന്റെ യഥാര്‍ത്ഥ ജീവിതത്തെ തൊടാത്ത ഒന്നായിരിക്കും. വാക്കും പ്രവര്‍ത്തിയും ഒന്നായ ഈ ബ്ലോഗിനെ കളിയാക്കലാവും അമ്മാതിരി കമന്റുകള്‍ എന്ന് വച്ച്‌ മിണ്ടാതെ വായിച്ചു പോകുന്നു.

Kiranz..!! said...

ചന്ദ്രേട്ടാ..കമന്റുകള്‍ക്ക് പകരം ഇന്നാ ഒരു അനിയനെ പിടിച്ചോ..:)..എന്റെയപ്പനാ അത്.പെന്‍ഷന്‍ പറ്റിയതിനു ശേഷം അവേശഭരിതനായി കൃഷി എന്നും പറഞ്ഞിറങ്ങിത്തിരിച്ചിരിക്കയാണ്.ഓരോ വര്‍ഷവും ചതിക്കാതെയെത്തുന്ന മഴ കാരണം മുറപോലെ ചതിക്കാതെ തന്നെ ഒരു ഫോണ്‍ വിളിയെത്തും..” എടാ ഉവ്വേ..മഴ കാരണം ഇപ്രാവശ്യത്തെ കൃഷി ഗോപിയാടാ”..:) ചന്ദ്രേട്ടന്‍ വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ വല്ലോം നടക്കുമോ ? :)

ഉത്സവം : Ulsavam said...

ചന്ദ്രേട്ടാ ബ്ലോഗ് ഡിലീറ്റ് ചെയ്യാനോ...
ഈറ്ക്കിലെടുത്ത് ഒരു കൊച്ച് അടി..ങ്ഹാ:-)
ഈ ബ്ലോഗിലുള്ള എല്ലാ പോസ്റ്റുകളും പഴയത് സഹിതം വായിച്ചിട്ടുണ്ട്, പുതിയത് വായിക്കാറുണ്ട്.
പക്ഷേ എന്താ ചെയ്യാ മണ്ണുമായി ബന്ധമില്ലാത്ത ഒരു തലമുറയിലെ കണ്ണിയായിപ്പോയില്ലേ...
വസ്തുനിഷ്ഠമായ രീതിയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അറിവില്ല. അതാണ്‍ എന്റെ കമന്റുകള്‍ കാണാത്തത്.
കുറുമാന്‍ പറഞ്ഞ പോലെ
"കാര്‍ഷികമായ കാര്യങ്ങളെ കുറിച്ച് അറിവുകിട്ടുന്ന ഒരു അല്ല ഏക ബ്ലോഗാണിത്." സോ പിന്നോട്ടല്ലാ മുന്നോട്ട്...

കേരളഫാർമർ/keralafarmer said...

കര്‍ഷകനോട്‌ (എന്നോട്‌ ‌മാത്രമല്ല) സ്നേഹമുള്ള കുറെ ബ്ലോഗര്‍മാരെ കിട്ടിയതില്‍ സന്തോഷം തോന്നുന്നു.
Kiranz..!! കൃഷിയോട്‌ തല്പര്യമുള്ള അപ്പന് രക്ഷപ്പെടണമെങ്കില്‍ പോത്തുകളെ ഒഴിവാക്കിയാല്‍ ഒരു പോത്തിന്റ്റെ സ്ഥാനം ഞാനേറ്റു. കലപ്പ പീടിക്കാമോ? മറ്റൊറ്രു പോത്തിനെക്കൂടെ ഒപ്പിച്ചാല്‍ കൃഷി ലാഭം. നഷ്ടപ്പെട്ടാല്‍ കുറച്ച്‌ വിയര്‍പ്പ്‌. കൊള്ളാം നല്ല പടം. എന്റെ ചെറുപ്പകാലത്തെ കൃഷി ഓര്‍മവരുന്നു.

nalan::നളന്‍ said...

ചന്ദ്രേട്ടാ.
മലയാളത്തിലെ ഏറ്റവും മികച്ച ബ്ലോഗുകളിലൊന്നാണു ചന്ദ്രേട്ടന്റേത്. പൊക്കിപ്പറഞ്ഞതല്ല.
ബൂലൊകര്‍ക്കു വഴങ്ങാത്ത വിഷയങ്ങളായതുകൊണ്ടായിരിക്കും പ്രതികരണങ്ങള്‍ കുറയുന്നത്.
വച്ച കാല്‍ മുന്നോട്ട് തന്നെ.

വിശാല മനസ്കന്‍ said...

ചന്ദ്രേട്ടാ‍, മലയാള ബ്ലോഗിങ്ങിനെക്കുറിച്ച് സീരിയസ്സായി ആരെങ്കിലും ചോദിച്ചാല്‍ അഭിമാനത്തോടേ കാട്ടിക്കൊടുക്കാന്‍ ഉള്ള ബ്ലോഗ് എനിക്കെന്നും ചന്ദ്രേട്ടന്റെ ആണ്.

നളന്‍ പറഞ്ഞപോലെ ചന്ദ്രേട്ടന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധമുള്ള ജോലികളിലേര്‍പ്പെടുന്നവരുടേ എണ്ണം ഈ ബൂലോഗത്ത് കുറവായതിനാല്‍ മാത്രമാണ് കമന്റുകള്‍ കുറയുന്നത്. തുടര്‍ന്നും താങ്കളുടെ വിജ്ഞാനപ്രദവും പോസ്റ്റുകള്‍ ഉണ്ടാകട്ടേ. ആശംസകള്‍.

കുട്ടന്മേനൊന്‍::KM said...

ചന്ദ്രേട്ടാ.. എന്റെ തെങ്ങുകള്‍ക്ക് ഞാന്‍ വളമിട്ടു തുടങ്ങിയിട്ടേയുള്ളൂ. ചന്ദ്രേട്ടന്‍ പറഞ്ഞപോലെ കുമ്മായമിട്ടു. ഇപ്പൊ ചെറുതായി ഒന്ന് കിളക്കുന്നുണ്ട്. ഇനി നന്നായി തേങ്ങയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ഇതിനിടയില്‍ ചന്ദ്രേട്ടന്‍ ബ്ലൊഗ്ഗ് നിര്‍ത്തിയാല്‍ പിന്നെ ഞാനാരോട് ചോദിക്കും സംശയങ്ങളൊക്കെ ? അതും പന്ത്രണ്ട് ഇ-മെയിലയച്ചിട്ടും യാതൊരു റിപ്ലെയുമില്ലാത്ത കേരളത്തിലെ കൃഷിവകുപ്പുള്ളപ്പോള്‍..

വിഷ്ണു പ്രസാദ് said...

ചന്ദ്രേട്ടാ ഇത് കഷ്ടമായി.ചന്ദ്രേട്ടന്റെ പോസ്റ്റുകള്‍ വായിച്ച് ഇടയ്ക്കൊക്കെ ഞാന്‍ കമന്റിടാറുണ്ട്.പക്ഷേ ഒരു കൃഷിക്കാരനല്ലാത്തതിനാല്‍ കൂടുതലൊന്നും എഴുതാതെ മടങ്ങും.ഒരു സംശയമുണ്ട്:വേഡ് പ്രസ്സിലെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നുണ്ടോ...പെരിങ്ങോടന്റെ ബ്ലോഗ് ഒരപവാദമാണ്.എന്തായാലും ഈ ബ്ലോഗ് നാളത്തെ തലമുറയ്ക്കുള്ളതാണ്. അതു ചെയ്യാന്‍ താങ്കളല്ലാതെ മറ്റാരും ഇവിടെയില്ല.

കേരളഫാർമർ/keralafarmer said...

എന്നെ ഇഷ്ടപ്പെടുന്ന എന്റെ ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ധാരാളം പേര്‍ ഈ ബൂലോഗത്തുള്ളതുതന്നെയാണ് എന്നെ ബ്ലോഗുകളെഴുതുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ചില ബ്ലോഗുകള്‍ ചിലര്‍ക്ക്‌ രസിച്ചില്ലെന്ന്‌ വരും. അത്‌ പേര് മാറ്റി എനിക്കിട്ട്‌ കൊള്ളത്തക്ക രീതിയിയില്‍ വലിയൊരു പത്രം തന്നെ പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്കും പ്രതികരിക്കേണ്ടി വരുന്നു. പത്രങ്ങള്‍ സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിക്കാറുണ്ടോ? അതാണ് സത്യം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന mathematical errors ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്‌ പലര്‍ക്കും പൊള്ളുന്നു. നാളിതുവരെ ഈ കള്ളത്തരം ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

വിശ്വപ്രഭ viswaprabha said...

ചന്ദ്രേട്ടാ, ആ വളിച്ചുപുളിച്ച് അളിഞ്ഞ സാധനം അവര്‍ പിന്നെയും പത്രത്തില്‍ കൊണ്ടു കേറ്റിയോ? അയാള്‍ക്കെന്താ പുതിയതൊന്നും എഴുതാന്‍ അറിയാതെയാണോ ആ പഴങ്കഞ്ഞി അവിടെ കൊണ്ടു വിളമ്പിയിരിക്കുന്നത്?

(ഇതു നമ്മളൊക്കെ കൂടി കഴിഞ്ഞകൊല്ലം കീറിമുറിച്ച് തോട്ടീക്കളഞ്ഞ കൂപത്തവളയല്ലേ, അതേ ലേഖനമല്ലേ?)

വിഷ്ണു പ്രസാദ് said...

ചന്ദ്രേട്ടാ മനോരമയുടെ ഈ ലിങ്ക് തന്നത് നന്നായി.കണ്ടിരുന്നില്ല.ഒരു ബ്ലോഗര്‍ എന്നതിലപ്പുറം ഇത് ചന്ദ്രേട്ടനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണൊ എന്നെനിക്കറിയില്ല.മനോരമയാവുമ്പോള്‍ അത്രയൊക്കെ വില വെച്ചാല്‍മതി.പിന്നെ ഒരു ബ്ലോഗര്‍ക്ക് ഒരു എഡിറ്ററുടെയും കാലു പിടിക്കാതെ സമൂഹത്തിനുമുന്നില്‍ ചിലതൊക്കെ വിളിച്ചുപറയാന്‍ കഴിയുമെന്നത് മുഖ്യധാരാമാധ്യമങ്ങളെയടക്കം വിറളി പിടിപ്പിക്കുന്നുമുണ്ടാവാം.ഇതിനൊക്കെ ചന്ദ്രേട്ടനെന്തിന്ചകിതനാവണം...?

കേരളഫാർമർ/keralafarmer said...

വിശ്വം: ഇത്‌ ആ പ്ഴയ സാധനം തന്നെയാണ്. ദിവസങ്ങളും കൊല്ലങ്ങളും കഴിങ്ങാലും പുതിയ തീയതിയില്‍ ഈ ലേഖനം പ്രത്യക്ഷപ്പെടും. പക്ഷേ ഒരു യൂണികോഡ്‌ മലയാളം ബ്ലോഗര്‍ സെര്‍ച്ച്‌ എഞ്ചിനില്‍ ഈ വിഷയം വെളിച്ചം കാണിക്കുമ്പോള്‍ എനിക്കും അതോടൊപ്പം വരണമെന്ന്‌ തോന്നി. അതിനാലാണ് ഞാനീ ബ്ലോഗ് ബ്ലോഗറല്ലാത്ത ബാബുക്കുട്ടന്റെ ഓര്‍മയ്ക്കായി നിലനിറുത്തുന്നത്‌. അതോടൊപ്പം റബ്ബറിന്റെ കള്ളക്കണക്കുകളും ഇതേ ബ്ലോഗില്‍ അപ്‌ഡേറ്റ്‌ ചെയ്യുകയാണ്.

മഴത്തുള്ളി said...

ചന്ദ്രേട്ടാ, റബ്ബറിന്റെ കള്ളക്കണക്കുകള്‍ കണ്ടു. ഇങ്ങനെ വിശദമായി പഠിച്ച് ബ്ലോഗില്‍ ഈ വിഷയം അവതരിപ്പിച്ച ചന്ദ്രേട്ടന്‍ എന്തുകൊണ്ടും നല്ലൊരു കാര്യമാണ് ചെയ്തിരിക്കുന്നത്. ഇത് വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്ന പല കാര്യങ്ങളും കണക്കുകളുടെ സഹായത്തോടെ മനസ്സിലാക്കാന്‍ സാധിച്ചു.

ആ ലേഖനം കാണുന്നത് ആദ്യമാണ്. എന്തായാലും അവര്‍ക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ വഴി. ധൈര്യമായി ഇനിയും എഴുതൂ. ആശംസകള്‍.

നന്ദു. said...

ചന്ദ്രേട്ടാ‍,
ഇക്കാര്യം നമ്മള്‍ കഴിഞഞ തവണ നേരിട്ട് കണ്ട്പ്പോള്‍ സംസാര്രിച്ഛിരുന്നു. വിപണി നിയന്ത്രീക്കുന്നതു അവരൊക്കെ തന്ന്നെ ഒക്കെ എന്നു പറയാ‍നില്ല. അവര്‍ തന്നെ അവര്‍മാത്രം. മീഡിയ അവര്‍ക്കുള്ളതല്ലെ. ദാ‍ ഇപ്പോള്‍ വിഷ്വലും. ഇനിയെന്തു വേണം?.
കലര്‍പ്പീല്ലാതെയ്യുംസ്വതന്ത്രമായ്യും കാര്യങ്ങള്ര് പറയാ‍ന് ബ്ലോഗുകള്‍ ഉണ്ടാകുന്നതിന്റെ അസൂയ യുടെ മാറ്റൊരൂ പര്ര്യാ‍യം!!.

കേരളഫാർമർ/keralafarmer said...

സ്ഥിതിവിവരകണക്കുകള്‍ മലയാളം യൂണികോട്‌ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷനായി അവതരിപ്പിക്കുന്നു.

മുസാഫിര്‍ said...

ചന്ദ്രേട്ടനു,

താങ്കള്‍ തുടരാന്‍ തന്നെ തീരുമാനിച്ചെന്നു കരുതട്ടെ,
മറിച്ചായെങ്കില്‍ ആ കുറ്റബോധത്തില്‍ നിന്നും ഞങ്ങള്‍ക്കു ഒരിക്കലും രക്ഷപ്പെടാന്‍ പറ്റുമായിരുന്നില്ല.

കേരളഫാർമർ/keralafarmer said...

എന്നെ ഇത്രയധികം ബൂലോഗര്‍ പിന്തുണയ്ക്കുമ്പോള്‍ എനിക്ക്‌ തുടരാതിരിക്കുവാന്‍ കഴിയുമൊ? “മുസാഫിര്‍“ കര്‍ഷകരുടെ സ്ഥിതി വളരെ ശോചനീയമാണ്. ഇനിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയേയുള്ളു. അതും നല്ല കര്‍ഷകരുടെ ആത്മഹത്യകളാവും കൂടുതലും.

മുസാഫിര്‍ said...

ചന്ദ്രേട്ടനു,

കുടുതല്‍ പരിചയപ്പെടണമെന്നുണ്ട് . ഞാന്‍ മെയില്‍ അയക്കാം.