Sunday, July 16, 2006

കേരളവും മലയാളം ബ്ലോഗേഴ്‌സും

ഏറ്റവും കൂടുതല്‍ മലയാളികളുള്ള കേരളത്തില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ അനന്ത സാധ്യതയാണുള്ളത്‌. 2006 ജൂലൈ 8 ന്‌ നടന്ന കേരള ബ്ലോഗേഴ്‌സ്‌ സംഗമം ഒരു വന്‍ വിജയം തന്നെയായിരുന്നു. ചില മാധ്യമങ്ങള്‍ വെളിച്ചം കാണിക്കുകയും ചെയ്തു. ചെലവുകള്‍ അതുല്യയും വിശ്വപ്രഭയും പങ്കിട്ടെടുത്തതുകാരണം വരവ്‌ ചെലവുകളെപ്പറ്റി ആരും ഒന്നും അറിഞ്ഞില്ല. ഇതിന്‌ നേതൃത്വം നല്‍കിയ അതുല്യയോടും വിശ്വത്തോടും കേരളഫാര്‍മര്‍ക്ക്‌` നന്ദിയും കടപ്പാടും ഉണ്ട്‌. എന്നാല്‍ അതിന്‌ ശേഷം ബ്ലോഗുകള്‍ക്ക്‌ അനുകൂലമല്ലാത്ത ചില ബ്ലോഗുകളും കമെന്റുകളും കാണുവാനിടയായി. അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുവാനാണ്‌ കേരള ഫാര്‍മര്‍ക്ക്‌ തോന്നിയത്‌. കാരണം തനിമലയാളം ഡോട്ട്‌ ഓര്‍ഗ്‌ എന്നത്‌ ഒരു വ്യക്തി കൈകാര്യം ചെയ്യുന്നതും അശ്ലീല വാക്കുകളോ തെറ്റായ വിമര്‍ശനങ്ങളോ കാണുകയോ ആരെങ്കിലും പരാതിപ്പെടുകയോ ചെയ്താല്‍ ആവ്യക്തിക്ക്‌ യുക്തമെന്ന്‌ തോന്നുന്നത്‌ ചെയ്യുവാനുള്ള അവകാശവും അധികാരവും ഉണ്ട്‌. അതിനാല്‍ മാന്യമായ രീതിയില്‍ വാക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബ്ലോഗര്‍മാര്‍ സഹകരിക്കേണ്ടതുണ്ട്‌.

ഇന്റര്‍വ്യൂകളിലും പത്ര വാര്‍ത്തകളിലും മറ്റും ധാരാളം തെറ്റുകള്‍ കടന്നു കൂടുന്നതായും കാണുവാന്‍ കഴിഞ്ഞു. ഇവയെല്ലാം ഭാവിയിലെങ്കിലും ഒഴിവാക്കേണ്ടതല്ലെ? കേരളത്തിലെ മാധ്യമങ്ങള്‍ ബ്ലോഗുകളെപ്പറ്റി ശരിയായ പഠനമോ അന്വേഷണമോ നടത്താതെ വെളിച്ചം കാണിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. വിശ്വപ്രഭയും കേരളഫാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ സിസ്റ്റം ടെക്‌നീഷ്യന്റെ അഭാവം വലിയ ഒരു പാളിച്ചയായി കാണുവാന്‍ കഴിഞ്ഞു.

ബ്ലോഗുകളുമായി ബന്ധപ്പെട്ട്‌ നാം ഇനി എന്തു ചെയ്യണം നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്‌ അതിലേയ്ക്കായി ബൂലോകമലയാളികളെയും ഈ ചര്‍ച്ചയിലേയ്ക്ക്‌ ഷണിച്ചുകൊള്ളുന്നു. കേരള ഫാര്‍മര്‍ക്ക്‌ പറയുവാനുള്ളത്‌ ജില്ലകള്‍തോറും ജില്ലാ ബൂലോക സംഗമം സംഘടിപ്പിക്കുന്നത്‌ നല്ലതാണ്‌ എന്നാണ്‌. മാധ്യമങ്ങള്‍ക്ക്‌ നല്‍കുവാന്‍ ഒരു ബ്ലോഗ്‌ നല്ലരീതിയില്‍ പെരിങ്ങോടന്‍, വിശ്വം, സിബു, അനില്‍, തുടങ്ങിയവരുടെ കോണ്‍ട്രിബൂഷനോടെ പ്രസിദ്ധീകരിക്കുന്നതാവും നല്ലത്‌. അപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ അതിന്റെ പ്രിന്റൗട്ട്‌ കൊടുത്താല്‍ മതിയല്ലോ. അല്ലാതെ ഓരോരുത്തരും കേരളഫാര്‍മര്‍ ഉള്‍പ്പെടെ വായില്‍ തോന്നുന്നത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ല എന്ന അഭിപ്രായവും പരിഗണിക്കാവുന്നതാണ്‌.

Saturday, July 15, 2006

ബൂലോഗ‌ ക്ലബ്ബ്‌: വരമൊഴിയുടെ ചരിത്രം

ഇന്നത്തെ ചുറ്റുപാടില്‍ വരമൊഴിയെക്കുറിച്ചും അതിന്റെ ഉത്‌ഭവത്തെക്കുരിച്ചും ഏതെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചാല്‍ വലിയ തെറ്റുകളില്ലാതെ പറയാന്‍ കഴിയുമല്ലോ. അല്ലെങ്കില്‍ ഈ ലിങ്കൊന്ന്‌ വായിച്ചുനോക്കാനെങ്കിലും പറയാമല്ലോ.സിബുവെന്ന മഹാനായ വ്യക്തിയുടെ സംഭാവന എന്തായിരുന്നു വെന്ന്‌ മലയാളികളായ ആരും മറക്കാന്‍ പാടില്ലല്ലോ. എനിക്കെഴുതുവാന്‍ ഇന്റെനെറ്റിലൂടെ പേനയും പേപ്പറും വായനക്കാരെയും തന്ന ബൂലോഗത്തെ ഈരേഴുലകങ്ങളും പ്രശംസിക്കട്ടെ. ഇനി മലയാളമറിയാത്ത പാശ്ചാത്യരും മലയാളം പഠിക്കട്ടെ.
ബൂലോഗ‌ ക്ലബ്ബ്‌: വരമൊഴിയുടെ ചരിത്രം

Friday, July 14, 2006

ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വെളിച്ചം കാണിക്കാത്ത സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം എനിക്കു ബ്ലോഗുകളിലൂടെ വെളിച്ചം കാണിക്കാന്‍ കഴിഞ്ഞത്‌ ബ്ലോഗുകളുടെ വിശ്വാസ്യത പത്ര, റ്റി.വി മാധ്യമങ്ങളെക്കാള്‍ എത്രയോ മുന്നിലാണെന്നുള്ളതിന്‌ നല്ലരുദാഹരണം മാത്രമാണ്‌. വര്‍ഷങ്ങളായി ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കണക്കിലെ തിരിമറി ബ്ലോഗുകള്‍ ഉള്ളതുകൊണ്ടു മാത്രം വെളിച്ചം കാണിക്കാന്‍ കഴിഞ്ഞു വെന്നതാണ്‌ വാസ്തവം. ഞാനീ കണക്കുകളുമായി കയറിയിറങ്ങാത്ത മാധ്യമങ്ങളില്ല. പല നല്ല റിപ്പോര്‍ട്ടേഴ്‌സും കവറുചെയ്‌ത്‌ കൊണ്ടുചെന്നാലും ഒരു റ്റി.വി ചാനലും വെളിച്ചം കാണിക്കുവാന്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ വെളിച്ചം കാണിച്ചവര്‍ രണ്ടാം തവണചെന്നാല്‍ മുഖം തരാതിരിക്കുകയോ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായോ കാണാം. ഇത്തരം കാര്യങ്ങള്‍ ഇംഗ്ലീഷിലെഴുതി ലോകം മുഴുവന്‍ കാണാനുള്ള അവസരങ്ങളായിരുന്നു എനിക്കാദ്യം ലഭ്യമായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെഴുതി കേരളീയരെ അറിയിക്കുവാന്‍ കഴിയുന്നു.
ഒരിക്കല്‍ ഞാന്‍ ആയിരം രൂപ നല്‍കി ഒരു പത്ര സമ്മേളനം(Press club Thiruvananthapuram) നടത്തുകയുണ്ടായി. അവിടെ ധാരാളം പേര്‍ പങ്കെടുക്കുകയും ഒരു പത്രം മാത്രം ഞാന്‍ പറഞ്ഞതിന്റെ ഒരു ഭാഗം അതേരീതിയില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചുവെങ്കില്‍ മറ്റൊരു പത്രം ഞാന്‍ പറയാത്ത തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അടുത്തദിവസം ഞാനാ പത്രത്തിന്‌ അത്‌ തിരുത്തിക്കൊണ്ട്‌ ഒരു പരാതി എഴുതിക്കൊടുത്തിട്ടും ആ തിരുത്തല്‍ വെളിച്ചം കാണിച്ചില്ല. മറ്റ്‌ മാധ്യമങ്ങള്‍ ഒരു വരിപോലും വെളിച്ചം കാണിച്ചതുമില്ല.
ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

Monday, July 10, 2006

2006 ജൂലൈ 9 ന്‌ മംഗളത്തില്‍ വന്നത്‌

മോണിട്ടറുകളില്‍ മലയാള തനിമയൊരുക്കി മലയാള ബൂലോക സംഗമം
കൊച്ചി: ഒരു അദ്‌ഭുതവിദ്യയുടെ മാസ്‌മരികത. ആ മാസ്‌മരികതയില്‍ മലയളത്തെ തൊട്ടറിഞ്ഞ അവര്‍ക്ക്‌ ഇന്നലെവരെ പരസ്പരം മുഖങ്ങളില്ലായിരുന്നു. ആദ്യമായി അവര്‍ കണ്ടുമുട്ടിയപ്പോള്‍ ഭാവനയുടെ മോണിട്ടറുകളില്‍ തെളിഞ്ഞുവന്നത്‌ മലയാണ്മയുടെ ഇ-മനസുകള്‍.
സാങ്കേതികവിദ്യകളുടെ നൂലാമാലകളില്ലാതെ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിട്ട്‌ അത്‌ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ സഹൃദയരിലെത്തിക്കാന്‍ കഴിഞ്ഞവരുടെ കൂട്ടായ്മ കൊച്ചിയില്‍ നടന്നു. വിവിധ തൂലികാനാമങ്ങളില്‍ നെറ്റിലൂടെമാത്രം അറിഞ്ഞിരുന്നവര്‍ക്ക്‌ നേരി‍ട്ട്‌ അറിയുവാന്‍ അവസരമൊരുക്കുകയായിരുന്നു മലയാള "ബൂലോക" സംഗമത്തിലൂടെ.
ബ്ലോഗ്‌സ്പോട്ട്‌ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ്‌ മീഡിയയിലൂടെ യാണ്‌ തൂലിക സങ്കേതങ്ങള്‍ തീര്‍ത്ത്‌ സൃഷ്ടികള്‍ ചയയ്ക്കുന്നത്‌. വിദേശ ഇന്ത്യക്കാര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ എന്നിവരുടെ ഇടയില്‍ പ്രചാരം നേടിയ ബ്ലോഗിംഗ്‌ ഇടത്തരക്കാരിലേയ്ക്കും പടര്‍ന്ന്‌ കയറുകയാണ്‌. അഭിപ്രായങ്ങളും രചനകളും സ്വതന്ത്രമായി ഇന്റര്‍നെറ്റ്‌വഴി എഴുതാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന വെബ്‌സൈറ്റാണ്‌ ബ്ലോഗ്ഗ്‌സ്പോട്ട്‌.മലയാളം ടൈപ്പ്‌റൈറ്റിംഗ്‌ ലഘൂകരിച്ച്‌ മലയാളമല്ലാത്ത ഇംഗ്ലീഷ്‌ കീ ബോര്‍ഡുകളില്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ അമര്‍ത്തി അത്‌` മലയാളമായി സ്ക്രീനില്‍ തെളിയുന്ന അദ്‌ഭുതവിദ്യ തെളിയിച്ചെടുത്തത്‌ അമേരിക്കന്‍ മലയാളിയായ സിബു ജോണിയാണ്‌. മനസില്‍ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിടുവാന്‍ അവസരമുണ്ടാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ 'വരമൊഴി' കെവിന്‍, ഉമേഷ്‌ ജി നയര്‍ എന്നിവരും 15 വര്‍ഷമായി ഇ-രചന രംഗത്തുണ്ട്‌. തോന്യാക്ഷരങ്ങള്‍, പ്രാണിലോകം, പേരില്ല ഞാന്‍, കൂമന്‍പള്ളി, സ്മാര്‍ട്ട്‌ കിട്ടി, സ്തുതിയായിരിക്കട്ടെ, സെലീനയുടെമമ്മി, സൊറപറയാം, ഉണ്ണികളെ വരു കഥ പറയാം, കേരള ഫാര്‍മര്‍, വയല്‍, മുല്ലപ്പൂ, പൂച്ച പുരാണം, തുടങ്ങിയ തൂലികാ നാമങ്ങളിലാണ്‌ ബ്ലോഗിംഗ്‌ നടത്തുന്നത്‌.യു.പുീ യിലെ റിക്ഷാപണിക്കാരന്റെ കഥയെഴുതിയ പ്രവാസി വീട്ടമ്മ മുതല്‍ കാര്‍ഷിക കേരളത്തിന്റെ പ്രസ്നങ്ങളെഴുതി ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ച വിമുക്തഭടന്‍ ചന്ദ്രശേഖരന്‍ നായര്‍ വരെ ഈ കൂട്ടയ്മയിലെ അംഗമാണ്‌. ഒരേ ഓഫീസില്‍ ജോലിചെയ്യുന്നവര്‍, സുഹ്ര്6ത്തുക്കളായിരുന്നവരെല്ലാം തൂലികാനാമം വെളിപ്പെടുത്തിയപ്പോള്‍ പൊട്ടിച്ചിരികളുയര്‍ന്നു. സംഗമം സീനിയര്‍ ബ്ലോഗര്‍ ചന്ദ്രശേഖരന്‍ നായരും ജൂനിയര്‍ ബ്ലോഗര്‍ ആച്ചിയും ചേര്‍ന്ന്‌ ഉത്‌ഘാടനം ചെയ്തു. കേരളത്തില്‍ നടന്ന ആദ്യത്തെ യോഗമയിരുന്നു ഇത്‌.