അക്ഷയയെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ ബുധന്‍, ഒക്ടോബര്‍ 10, 2007 |
മലപ്പുറം : ഏറെ കൊട്ടിഘോഷിച്ചാണ് സര്‍ക്കാര്‍ അക്ഷയ കമ്പ്യൂട്ടര്‍ പദ്ധതി ആരംഭിച്ചത്. അതിരുകളില്ലാത്ത അവസരങ്ങളുടെ ഖനിയെന്ന് നിക്ഷേപകരെ വ്യാമോഹിപ്പിച്ചാണ് മലപ്പുറത്തും മറ്റു ജില്ലകളിലും അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയത്. വിവര സാങ്കേതിക വിദ്യ ജനകീയമാക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അക്ഷയ പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത് അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയ പല സംരംഭകരും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണത്രേ! സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ പലതും അക്ഷയ കേന്ദ്രങ്ങളിലൂടെയല്ല നടപ്പാകുന്നത്. ഈ അവഗണന കൂടി നേരിടുമ്പോഴാണ് പല നിക്ഷേപകരും അക്ഷയ കേന്ദ്രങ്ങള്‍ പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ നിന്നും അക്ഷയ വഴി ചെയ്യാവുന്ന പല പദ്ധതികളെക്കുറിച്ചും സംരംഭകരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും അവഗണന തുടരുന്നുവെന്നാണ് ആരോപണം. സര്‍ക്കാര്‍ തലത്തിലുളള കമ്പ്യൂട്ടര്‍ അനുബന്ധ ജോലികളെല്ലാം ഇപ്പോള്‍ സ്വകാര്യമേഖലയ്ക്കാണ് നല്‍കുന്നത്. പല നേതാക്കളുടെയും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉളള സ്ഥാപനങ്ങളിലാണ് ജോലികള്‍ മുഴുവന്‍ കരാര്‍ നല്‍കുന്നത്. ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ചരടുവലിക്കുന്നവര്‍ക്ക് നല്ല കമ്മിഷനും കിട്ടുന്നു.
ആദായകരവും അന്തസുളളതുമായ ഒരു സ്വയം തൊഴില്‍ പദ്ധതിയെന്ന് കണ്ടാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സന്നദ്ധരായി എത്തിയത്. പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിന്റെ സേവനകേന്ദ്രങ്ങളായി തുടങ്ങിയ അക്ഷയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയിലാണ്.
ഓരോ കുടുബത്തിലും ഏറ്റവും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, വിവിധ സര്‍ക്കാര്‍ നികുതികളും ബില്ലുകളും അടയ്ക്കാന്‍ വാര്‍ഡുതല നികുതി സ്വീകരണ കേന്ദ്രം, ഓണ്‍ലൈന്‍ സേവനകേന്ദ്രം, ഡിറ്റിപി സെന്റര്‍, വൈവിദ്ധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എന്നിവയൊക്കെ അക്ഷയ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
തുടക്കത്തില്‍ ഈ പദ്ധതി സ്ത്രീപുരുഷ ഭേദമെന്യേ ധാരാളം സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്തു. അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മൂന്നു ലക്ഷം രൂപ വരെ വായ്പയനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായതോടെ സംരംഭകര്‍ ഉഷാറോടെ ഈ മേഖലയിലേയ്ക്ക് കടന്നു വന്നു.
എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കുമെന്നത് അന്നത്തെ വളരെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. അക്ഷയ വിഭാവനം ചെയ്യുന്നതു പോലുളള ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനത്തിന് ലഭ്യമാകണമെങ്കില്‍ ഏറ്റവും ആദ്യം ഒരുക്കേണ്ട പ്രാഥമിക അടിസ്ഥാന സൗകര്യം ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനായിരുന്നു.
എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇനിയും ബ്രോഡ് ബാന്റ് സ്വപ്നം മരീചികയായാണ് തുടരുന്നത്. ഡയല്‍ അപ് കണക്ഷന്‍ വഴി ഓണ്‍ലൈന്‍ സേവനം നല്‍കാന്‍ സാമ്പത്തിക ബാധ്യതയും കണക്ഷന്‍ വേഗതയുമടക്കം പലതരം ബുദ്ധിമുട്ടുകള്‍ വേറെ. അക്ഷയ കേന്ദ്രങ്ങളില്‍ ബ്രോഡ് ബാന്റ് സൗകര്യം എത്തിക്കാന്‍ തല്‍ക്കാലം ബിഎസ് എന്‍എല്ലിനും പദ്ധതിയൊന്നുമില്ല.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വിശ്വസിച്ച സംരംഭകരെ എങ്ങനെ സഹായിക്കണമെന്ന് വിവര സാങ്കേതിക വകുപ്പിനും വലിയ പിടിയൊന്നുമില്ല. അക്ഷയ കോ ഓര്‍ഡിനേറ്ററും പിന്നീട് മലപ്പുറം ജില്ലാ കളക്ടറുമായിരുന്ന എം ശിവശങ്കരനെപ്പോലുളളവര്‍ക്ക് ഈ കേന്ദ്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്നവരാകട്ടെ, ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണമുളള നടപടികള്‍ക്ക് അശക്തരുമായിരുന്നു.
വന്‍പലിശയ്ക്ക് വായ്പയെടുത്ത് സ്ഥാപനം തുടങ്ങിയവരാണ് കുടുങ്ങിയിരിക്കുന്നത്. വാടകയും ഫോണ്‍- വൈദ്യുതി ബില്ലുമടയ്ക്കാന്‍ പോലുമുളള വരുമാനം കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്നില്ല. കൂടിക്കൂടി വരുന്ന ബാങ്കു പലിശയും ശംബളത്തിനോ മറ്റാവശ്യങ്ങള്‍ക്കോ തികയാത്ത വരുമാനവും സ്ഥാപനം നടത്തുന്നവരുടെ ഉറക്കം കെടുത്തുന്നു.
അക്ഷയ വാഗ്ദാനം ചെയ്യുന്ന കോഴ്സുകള്‍ക്കൊന്നും സര്‍ക്കാര്‍ അംഗീകാരമില്ല. വന്‍തുക ഫീസ് വാങ്ങി, വമ്പന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ വന്‍കിടക്കാര്‍ നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താല്‍പര്യവും. മിടുക്കരായ കുട്ടികളെ പഠിപ്പിക്കാന്‍ നല്ല കോഴ്സുകളൊന്നും അക്ഷയ കേന്ദ്രങ്ങളില്‍ അനുവദിച്ചിട്ടില്ല. അത് നടത്തിക്കൊണ്ടു പോകാനുളള ത്രാണി ഇന്നത്തെ നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്കില്ലതാനും.
രജിസ്ട്രേഷന്‍, റവന്യൂ, ആരോഗ്യം, ആദായനികുതി, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ കമ്പ്യൂട്ടര്‍ ജോലികളാണ് ഓരോ വര്‍ഷവും സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നത്. ഇത് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കിയാല്‍ തന്നെ മെച്ചപ്പെട്ട ആദായം അക്ഷയ സംരംഭകര്‍ക്ക് ഉറപ്പുവരുത്താന്‍ പറ്റും. എന്നാല്‍ അത്തരം ആശയങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളുടെ വിദൂര സ്വപ്നങ്ങളില്‍ പോലുമില്ല.
അടുത്തിടെ റവന്യൂ വകുപ്പ് നടപ്പാക്കിയ ഫെയര്‍വാല്യൂ രജിസ്ട്രേഷന്‍ പദ്ധതിയും അക്ഷയ വഴി ചെയ്യാവുന്നതായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടന്ന ഈ പദ്ധതി സ്വകാര്യമേഖലയാണ് ചെയ്തു കൊടുത്തത്. ഒരുകോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്.
രണ്ടു ശതമാനം കമ്മിഷന്‍ കിട്ടുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ജോലിയും അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാവുന്നതാണെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ നല്ലനിലയില്‍ നടത്തിയിരുന്ന കമ്പ്യൂട്ടര്‍ സെന്ററുകളോടനുബന്ധിച്ച് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ചവര്‍ക്ക് സാമാന്യം വരുമാനം കണ്ടെത്താനാകുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ പുതിയ സാധ്യതകളായ നെറ്റ് ഫോണി, ഇ പരീക്ഷ എന്നിവ നടത്തിയും മറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്.
നഗരങ്ങളിലോ തൊട്ടടുത്തോ ഉളള സ്ഥാപനങ്ങളില്‍ പലേടത്തും ബ്രോഡ് ബാന്റ് കണക്ഷനുളളതും ഇവര്‍ക്ക് സൗകര്യമാണ്.
സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ മേഖലയിലേയ്ക്ക് തിരിഞ്ഞില്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വന്‍പ്രതിസന്ധിയിലാവുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് ഒരു സ്വയം തൊഴില്‍ സംരംഭത്തിന് ഇറങ്ങിത്തിരിച്ചവരെ വഴിയാധാരമാക്കുകയും ആത്മഹത്യയിലേയ്ക്ക് തളളിവിടുകയും ചെയ്യുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല.
കടപ്പാട്: ദാറ്റ്‌സ്‌മലയാളം
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
6 comments:
ഈ വിവരങ്ങള്‍ എഴുതിയതു നന്നായി. പ്ലസ് ടു കഴിഞ്ഞ രണ്ടുപേരോട് അക്ഷയകേന്ദ്രം ആരംഭിക്കാന്‍ ഞാന്‍ പറഞ്ഞിട്ടു രണ്ടു ദിവസം പോലുമായില്ല. ഇനി വമ്പിച്ച സാദ്ധ്യതകളാണ് അതുവഴി വരാന്‍ പോകുന്നതെന്നാണ് കമ്പ്യൂട്ടര്‍ പിടിയില്ലാത്ത, അഷ്ടിക്കരിയില്ലാത്ത ആ പാവങ്ങളോട് ഞാന്‍ പറഞ്ഞത്. ഇനി ഈ പോസ്റ്റിന്റെ പ്രിന്റെടുത്ത് കൊടുക്കാം.. അങ്ങനെ രണ്ടുപേരുടെ ശാപത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാമല്ലോ
വെള്ളെഴുത്ത്: ഇതൊരു ചതിയുടെ കഥയാണെന്ന്‍ തോന്നിയതുകൊണ്ടാണ് ദാറ്റ്‌സ്‌മലയാളം വാര്ത്ത അതേപടി അവരുടെ കോപ്പിറൈറ്റ്‌സില്‍ അവരുടെതന്നെ ലിങ്കുകളോടുകൂടി പ്രസിദ്ധീകരിച്ചത്.
ദാറ്റ്‌സ്‌മലയാളത്തിന്‍ നന്ദി.
a relevant article... Akshaya can perform better..alpam manasundenkil..
ഓരോ കുടുബത്തിലും ഏറ്റവും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, വിവിധ സര്‍ക്കാര്‍ നികുതികളും ബില്ലുകളും അടയ്ക്കാന്‍ വാര്‍ഡുതല നികുതി സ്വീകരണ കേന്ദ്രം, ഓണ്‍ലൈന്‍ സേവനകേന്ദ്രം, ഡിറ്റിപി സെന്റര്‍, വൈവിദ്ധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എന്നിവയൊക്കെ അക്ഷയ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
excellent article..
when I was studying colloeage, we had three months ( 1988 june to august ) strike to stop computer courses and privitisation. When did LDF learned that computerisation increase jobs?
ഓരോ കുടുബത്തിലും ഏറ്റവും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, വിവിധ സര്‍ക്കാര്‍ നികുതികളും ബില്ലുകളും അടയ്ക്കാന്‍ വാര്‍ഡുതല നികുതി സ്വീകരണ കേന്ദ്രം, ഓണ്‍ലൈന്‍ സേവനകേന്ദ്രം, ഡിറ്റിപി സെന്റര്‍, വൈവിദ്ധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എന്നിവയൊക്കെ അക്ഷയ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
excellent article..
when I was studying colloeage, we had three months ( 1988 june to august ) strike to stop computer courses and privitisation. When did LDF learned that computerisation increase jobs?
എന്നാൽ വേണ്ടത്ര ഈ പദ്ധതിയെ കുറിച്ച് അവബോധം ഇല്ലാതെ പൊതു ജനങ്ങളിൽ ചിലർ തങ്ങള്ക്ക് സമയത്ത് സർട്ടിഫികറ്റ് ലഭിക്കാത്തതിന് അക്ഷയ കേന്ദ്രങ്ങളെ പഴിക്കുന്നത് അറിവില്ലായ്മ എന്നേ പറയാൻ കഴിയൂ .എന്ത് കൊണ്ടാണ് തങ്ങൾക്കു ആവശ്യമായ സർട്ടിഫികറ്റ് ലഭിക്കാത്തത് എന്നത് കൃത്യമായി അന്വേഷിച്ചു അറിയാൻ അവർ ശ്രമിച്ചാൽ ഈ വിഷയത്തിൽ അക്ഷയ കേന്ദ്രങ്ങളെ പഴി ചാരാൻ കഴിയില്ല .
Read more>>>
http://chipism.blogspot.in/2013/06/akshaya.html
Post a Comment