വെളുക്കാൻ തേക്കുന്നത് പാണ്ടാകരുത്
മലയാളിയുടെ സൌന്ദര്യസങ്കൽപ്പം മാറിവരികയാണ്. മുറുക്കിച്ചുവപ്പിച്ച ചുണ്ട്, വാലിട്ടെഴുതിയ നീർ മിഴികൾ, കാച്ചിയ എണ്ണതേച്ച് മിനുക്കിയ കാർകൂന്തൽ.. ഇതൊക്കെ ഇന്ന് പഴംകഥ. മുപ്പതോ നാൽപ്പതോ കൊല്ലം മുമ്പത്തെ സുന്ദരികളുടെയും സുന്ദരന്മാരുടെയും മുഖഛായയല്ല ഇന്നത്തെ തലമുറയുടേത്. സൌന്ദര്യ വർധകവസ്തുക്കളുടെ സ്വഭാവവും മാറി. പ്രകൃതിദത്തമായ വസ്തുക്കൾക്ക് പകരം രാസപദാർത്ഥങ്ങളടങ്ങിയ ലേപനങ്ങളും ലോഷനുകളുമാണ് ഇന്ന് കണ്ണാടിക്കുമുന്നിൽ നിരക്കുന്നത്. കാല ത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ്. എന്നാൽ ഇത്തരം കൃത്രിമ സൌന്ദര്യവർധക വസ്തുക്കൾ പലപ്പോഴും ശസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത 'മുറിബ്യൂട്ടീഷ്യ'ന്മാരുടെ കൈകളിലൂടെ ഒഴുകുമ്പോൾ മ ലയാളിയുടെ മുഖം വികൃതമാവുന്നു.
പതിവായി ലിപ്സ്റ്റിക്കിടുന്ന സുന്ദരിയായ വീട്ടമ്മ ഈയിടെ ശസ്ത്രക്രീയ കഴിഞ്ഞ് കിടക്കുമ്പോൾ കാണാനെത്തിയ സുഹൃത്തുക്കൾ ഞെട്ടിയത് അവരുടെ ചുണ്ടിലെ വെളുത്ത പാണ്ട് കണ്ടായിരുന്നു. ചുണ്ടിൽ ചായം പുരട്ടാതെ മുറിയുടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണിന്നവർ. വർഷങ്ങൾക്കുമുമ്പ് വിവാഹവേദിയിൽ കയറുംമുമ്പ് കൈത്തണ്ട മിനുക്കിയ യുവതിക്ക് ഇന്നും ത്വക്കുരോഗവിദഗ്ദ്ധന്റെ ചികിത്സ തുടരുന്നു. സൌന്ദര്യ ലേപനങ്ങളുടെ ഗുണനിലവാരം മോശമായതുകൊണ്ടും, 'ഫേഷ്യലും ബ്ലീച്ചിങ്ങും' നടത്തുന്ന മുറിവൈദ്യൻ ബ്യൂട്ടീഷ്യന്മാരുടെ കൈക്രിയകൊണ്ടും ഇത്തരം 'വെട്ടിൽ' ചെന്നു ചാടിയവരുടെ എണ്ണം ഏറെയാണ്. നാണക്കേടും മാനക്കേടും ഭയന്ന് പുറത്തുപറയാതെയും കൂടുതൽ ലേപനങ്ങൾ പുരട്ടി 'അബദ്ധം' ഒളിപ്പിച്ചും കഴിയുന്നവരാണ് അധികവും. പലർക്കും ഡോക്ടർമാരുടെ സഹായം തേടേണ്ടിവ്ന്നിട്ടുണ്ട്.
സൌന്ദര്യമത്സരങ്ങൾ, ഫാഷൻഷോകൾ, മോഡലിങ്ങ്, ചലച്ചിത്രതാര പദവി എന്നിങ്ങനെ പടികൾ ചവിട്ടിക്കയറി മകൾ മറ്റൊരു സുസ്മിതാസെന്നോ, ഐശ്വര്യാറായിയോ ആകണമെന്ന് സ്വപ്നം കാണുന്ന അമ്മമാർ ഇന്ന് ധാരാളമാണ്. ഇന്ത്യയുൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിൽ നിന്ന് പൊടുന്നനെ ലോകസുന്ദരിമാരും വിശ്വസുന്ദരിമാരും ഉണ്ടായതാണ് ഈ മനോഭാവത്തിന് വഴിവെച്ചത് സൌന്ദര്യവസ്തു നിർമാണക്കമ്പനികളുടെ സൌന്ദര്യവർധകവസ്തുക്കൾ വിറ്റുപോകുന്നുവെന്ന്, ഇതുസംബന്ധിച്ച് 'മാതൃഭൂമി'യിൽ ഈയിടെ പ്രസിദ്ധീകരിച്ച 'സൌന്ദര്യം തേടുന്ന മലയാളി' എന്ന അന്വേഷണ പരമ്പര വ്യക്തമാക്കുന്നു.മുഖത്തിന് സ്വർണത്തിളക്കം നൽകാനും തലമുടിയിൽ മഴവിൽ വർണങ്ങൾ വിരിയിക്കാനും, അണിയുന്ന വസ്ത്രങ്ങളനുസരിച്ച് ചുണ്ടിനും കൺപോളകൾക്കും നിറംപകരാനുമൊക്കെ അനേകതരം രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഓരോ ലേപനത്തിലും അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങൾമൂലം അതുപയോഗിക്കുന്ന ആളിന്റെ ത്വക്കിനെന്തു സംഭവിക്കുമെന്നും മറ്റും ശാസ്ത്രീയമായി അറിയാത്ത, കുഗ്രാമങ്ങളിൽപ്പോലും മുളച്ചുപൊങ്ങുന്ന, ബ്യൂടിപർലർകളിലെ ബ്യൂട്ടീഷ്യന്മാർ ഏറെയാണ്. അത്തരം കാര്യങ്ങളെപ്പറ്റി ശാസ്ത്രീയപഠനമൊന്നും നേടാതെയാണ് പലരും ഈ രംഗത്തേക്ക് വരുന്നതെന്നതാണ് ദുരവസ്തയ്ക്ക് കാരണം ഈ അവസ്ഥ് മാറണമെന്ന് അടിവരയിട്ട്‌പറയുന്നതാണ് 'മാതൃഭൂമി'യുടെ ലേഖനപരമ്പര.പാരാമെഡിക്കൽ പഠനത്തിന് സമാനമായി അർഹിക്കുന്ന ഗൌരവത്തോടെതന്നെ സൌന്ദര്യചികിത്സയെ കാണണം. സൌന്ദര്യവർധകപഠനത്തിന് സർക്കാർ അംഗീകാരത്തോടെ സിലബസ് തയ്യാറാക്കണം. പഠിപ്പിക്കുന്നത് ബിരുദമോ ബിരുദാനന്തര ബിരുദ്‌അമോ ഉള്ള യോഗ്യരായ അധ്യാപകർതന്നെയെന്ന് ഉറപ്പാക്കണം. അംഗീകൃത യോഗ്യതയുള്ളവർക്കേ ബ്യൂട്ടീഷ്യനാകാൻ ലൈസൻസ് നൽകാവൂ. സൌന്ദര്യസംവർധക വസ്തുക്കളുടെ ഗുണനിലവരം ഉറപ്പാക്കാനും നടപടിയെടുക്കണം. ഇക്കാര്യത്തിൽ സർക്കാർ അലംഭാവം കാണിച്ചാൽ അതിന്റെ ദുഷ്‌ഫലമനുഭവിക്കുന്നത് വരുംതലമുറയായിരിക്കും. സൌന്ദര്യത്തിന്റെ പേരിലുള്ള തട്ടിപ്പു തടയാൻ നമ്മളോരോരുത്തരും മനസുവെക്കുക എന്നതാണ് പ്രധാനം. വെളുക്കാൻ തേച്ചത് പാണ്ടായാൽ മിണ്ടാതിരിക്കരുത്.സംഭവം ഉപഭോക്തൃകോടതിയിലെങ്കിലും എത്തിക്കുക. ഇല്ലെങ്കിൽ ഈ മേഖലയിൽ അരാജകത്വം കൊടികുത്തിവാഴും; മലയാളിയുടെ മുഖം 'പൊള്ളുന്നത്' തുടരുകയും ചെയ്യും.
കടപ്പാട്: മാതൃഭൂമി 2005 നവംബർ 12 ശനിയാഴ്ച
"പ്രകൃതിയെ സംരക്ഷിക്കൂ സൌന്ദര്യം നിലനിറുതൂ "
No comments:
Post a Comment