Tuesday, November 15, 2005

'മാതൃഭൂമി' വാർത്ത തുണച്ചു
ശങ്കരപ്പിള്ളയ്ക്കും കുടുംബത്തിനും കോടതി രക്ഷകയായി

വേട്ടമ്പള്ളി സ്വദേശി ശങ്കരപ്പിള്ള, ഭാര്യ സരോജിനി അമ്മ, മകൻ വേണുഗോപാലൻ നായർ എന്നിവരെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോകുന്നു

സ്വന്തം ലേഖകൻ

നെടുമങ്ങാട്‌:സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ദുരിതത്തിൽ കഴിയുന്ന മൂന്നംഗ കുടുംബത്തിന്‌ 'മാതൃഭൂമി' വാർത്ത തുണയായി. വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്ത്‌ മൂനുപേർക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ട്‌ എസ്‌.സോമനാണ്‌ പത്രവാർത്തയുടെ അടിസ്ത്താനത്തിൽ കേസെടുത്ത്‌ ദുരിതത്തിൽ കഴിയുന്നവർക്ക്‌ സംരക്ഷണം നൽകാൻ ഉത്തരവിട്ടത്‌.

സമ്പത്തുണ്ടായിട്ടും രോഗവും പട്ടിണിയും കാർഅണം ദുരിതമനുഭവിക്കുന്ന വേട്ട്മ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റുവീട്ടിൽ പനവൂർ ശങ്കരപ്പിള്ള (67), ഭാര്യ സരോജിനി അമ്മ (60), മകൻ വേണുഗോപാലൻ നായർ (40) എന്നിവർക്കാണ്‌ കോടതി രക്ഷയായത്‌.

കോടതി ഉത്തരവിൻ പ്രകാരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽനിന്നും ജീവനക്കാരെത്തി മൂന്നുപേരെയും ആംബുലൻസിൽ കൊണ്ടുപോയി. മാനസികനില താളം തെറ്റിയ സരോജിനി അമ്മയേയും വേണുഗോപാലൻ നായരേയും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രോഗശയ്യയിൽ കിടക്കുന്ന ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധ സദനത്തിലും പ്രവേശിപ്പിച്ചു.

ശങ്കരപ്പിള്ളയുടേയും കുടുംബത്തിന്റെയും സ്വത്തുക്കൾ സംരക്ഷിക്കാൻ നെടുമങ്ങാട്‌ പോലീസിനോട്‌ കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.വീടുസാധനങ്ങളുടെ പട്ടികയെടുത്ത്‌ വീട്‌ പൂട്ടി താക്കോൽ പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്‌. പോലീസിന്റെ സാന്നിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ കുമരന്റെ നേതൃത്വത്തിലാണ്‌ ഇവരെ ആശുപത്രിയിൽ എത്തിച്ചത്‌. പത്തുദിവസത്തിനുള്ളീൽ ഇവരുടെ രോഗവിവരം കോടതിയെ അറിയിക്കാൻ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനോട്‌ നിർദ്ദേശിച്ചിട്ടുണ്ട്‌.

'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസുമായി ഒരു കുടുമ്പം' എന്ന തൽക്കെട്ടിൽ 13 ന്‌ 'മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൃഷിചെയ്ത്‌ ഉപജീവനം നടത്തിയിരുന്ന ശങ്കരപ്പിള്ള രണ്ടുവർഷം മുമ്പാണ്‌ നട്ടെല്ല്‌ പഴുത്ത്‌ കിടപ്പിലായത്‌. മനസിന്‌ താളം തെറ്റിയ വേണുഗൊപാലൻ നായരും സരോജിനി അമ്മയും ഇതോടെ പട്ടിണിയിലായി.

പ്രീ ഡിഗ്രി വരെ പഠിച്ച വേണു ആധ്യാത്മികതയിൽ ആകൃഷ്ടനായി നാടുവിട്ടു. ശിവഗിരി മഠത്തിൽ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന്‌ കുറച്ചുകാലം പഠനം നടത്തി. അവിട്‌എനിന്നും തിരിച്ചുപോന്ന വേണു നാട്ടിൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുകയായിരുന്നു. നഗ്നനായി റോഡിലൂടെ നടക്കുമ്പോൾ വേണുവിനെ ചിലർ കല്ലെറിയുന്നത്‌ പതിവായിരുന്നു.ശങ്കരപ്പിള്ളയേയും കുടുംബത്തേയും സംരക്ഷിതകേന്ദ്രത്തിലെത്തിക്കാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. ഈ കുടുംബത്തെ രക്ഷിക്കാൻ കോടതി കനിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാർ.

കടപ്പാട്‌: മാതൃഭൂമി 2005 നവംബർ 15 ചൊവ്വാഴ്ച

"സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വകുപ്പ്‌ വേറെ പക്ഷേ വൈകിപ്പോയി"

കോടതി കനിഞ്ഞെങ്കിലും സഹായത്തിന്‌ കാത്തുനിൽക്കാതെ വേണുഗോപാലൻ യാത്രയായി

നെടുമങ്ങാട്‌: കോടതിയുടെ ഇടപെടലിലൂടെ ലഭിച്ച സഹായം വേണുഗോപാലിന്‌ അധികനാൾ വേണ്ടിവന്നില്ല. ദുരിതപർവം പൂർത്തിയാക്കി വേണുഗോപാലൻ യാത്രയായി.'മാതൃഭൂമി' വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം ചികിത്സയ്ക്കായി പേരൂർക്കട മാനസ്സികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുപോയ വേട്ടമ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റ്‌ വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ വേണുഗോപാലൻ നായർ (40) മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു.'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസ്സുമായി ഒരു കുടുംബം' എന്ന റ്റ്‌ഹലക്കെട്ടിൽ നവംബർ 13 ന്‌ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ലക്ഷങ്ങളുടെ സ്വത്തുണ്ടായിട്ടും ശങ്കരപ്പിള്ളയും ഭാര്യ സരോജിനിയമ്മയും മകൻ വേണുഗോപാലൻ നായരും രോഗവും പട്ടിണിയും കാരണം ദുരിതമനുഭവിക്കുകയായിരുന്നു. ശങ്കരപ്പിള്ള നട്ടെല്ല്‌ തളർന്ന്‌ കിടപ്പായിരുന്നു. സരോജിനിയമ്മയും മകനും താളം തെറ്റിയ മനസുമായി തകർന്ന്‌ വീഴാറായ വീടിനുള്ളിൽ മലമൂത്രവിസർജ്യങ്ങൾക്ക്‌ നടുവിലാണ്‌ കിടന്നിരുന്നത്‌`.'മാതൃഭൂമി' വാർത്തയിലൂടെ ഇവരുടെ ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ്‌ ഇവരെ ഏറ്റെടുക്കാൻ ഉത്തരവിട്ടത്‌. അതിൻ പ്രകാരം നവംബർ 15 ന്‌ നെടുമങ്ങാട്‌ പോലീസിന്റെ സാന്നിധ്യത്തിൽ വീടുപൂട്ടി കോടതി ഏറ്റെടുക്കുകയായിരുന്നു. മാനസികനില തെറ്റിയ വേണുഗോപാലൻ നായർഏയും സരോജിനിഅമ്മയേയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധസദനത്തിലുമാണെത്തിച്ചത്‌. അർബുദം ബാധിച്ചുകിടന്ന ശങ്കരപ്പിള്ളയെ കോടതി നിർദ്ദേശപ്രകാരം ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കാലുകൾ നിവർത്തി എഴുന്നേൽക്കാൻ കഴിയുന്ന അവസ്ഥയിലായി ശങ്കരപ്പിള്ള.വേണുഗോപാലന്റെ മാനസികനില ശരിയായിവരുന്നതിനിടയിലാണ്‌ കുടലിന്‌ അസുഖം പിടിപെട്ടത്‌. അസുഖത്തെത്തുടർന്ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ ഒരുമണിക്കാണ്‌ വേണുഗോപാലൻ മരിച്ചത്‌. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌.മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. കോടതി നിർദ്ദേശപ്രകാരം നെടുമങ്ങാട്‌ പോലീസ്‌ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ ബന്ധുക്കൾ വാങ്ങി.

കടപ്പാട്‌: മാതൃഭൂമി 30-11-05

"വേണുഗോപാലന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു"

No comments: