Tuesday, July 03, 2007

ഹെല്‍മെറ്റിന് ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ?

എന്റെ ചില സംസയങ്ങള്‍

  1. അപകടങ്ങള്‍ ഉണ്ടാകുവാന്‍ ഹെല്‍മെറ്റ്‌ കാരണമാകില്ലെ?
  2. കണ്ണിനും കാതിനും കടിഞ്ഞാണിട്ടാല്‍ അപകടങ്ങള്‍ കൂടില്ലെ?
  3. കയ്യില്‍ കൊണ്ടു നടക്കുവാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറില്ലെ?
  4. തലയില്‍ ഭാരം മാത്രമല്ല ഉള്ളിലെ ഊഷ്‌മാവും കൂടിയാകുമ്പോള്‍ തലവേദന, മുടികൊഴിച്ചില്‍ മുതലായവ ഉണ്ടാകില്ലെ?
  5. ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയശേഷം അപകടമരണങ്ങളുടെ തോത്‌ കൂടിയാല്‍ എന്തുചെയ്യും?
റോഡപകടങ്ങളില്‍ മരണമടയുന്ന ഹെല്‍മെറ്റ്‌ ധാരികളുടെ പേരുകള്‍

  1. പ്രവീണ്‍ (19) - പേരൂര്‍ക്കട - 24-6-07- മാതൃഭൂമി ദിനപത്രം (വീഴ്ചയുടെ ആഘാതത്തില്‍ പ്രവീണ്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ്‌ രണ്ടായി പൊട്ടിമാറി)
  2. ശംഭു (23) - ബാലരാമപുരം - (25-6-07 - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ പൊട്ടിപ്പോയി)
  3. ഷെരീഫ്‌ (22) ബാലരാമപുരം - (02-7-07) - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ പൊട്ടിപ്പോയി)
  4. രാജേഷ്‌ (22) -ഷെരീഫിന്റെ സഹയാത്രികന്‍
  5. രാജേഷ്‌ (25) ബാലരാമപുരം - (02-7-07) - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ പൊട്ടിപ്പോയി)
  6. കൃഷ്ണന്‍‌കുട്ടി (56) കരുവാറ്റ - (03-7-07) - മാതൃഭൂമി ദിനപത്രം (ഹെല്‍മെറ്റ്‌ തകര്‍ന്ന്‌ പോയിരുന്നു)

ഹെല്‍മെറ്റ്‌ കൂടുതല്‍ അപകടങ്ങള്‍ക്ക്‌ കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പറക്കുന്ന പ്രാണികള്‍ പോലും പല അപകടങ്ങളും തിരിച്ചറിയുന്നത്‌ തലയില്‍നിന്ന്‌ നീണ്ടുനില്‍ക്കുന്ന ഒരു അവയവത്തിലൂടെയാണ് (സുവോളജി പഠിച്ചവര്‍ പേര് പറയട്ടെ). കണ്ണിനും കാതിനും നിയന്ത്രണവും തലയ്ക്ക്‌ ഭാരവും അപകടങ്ങള്‍ കൂടുവാന്‍ കാരണമാകും. കാശ് കൊടുത്താല്‍ ഏത്‌ ഡോക്ടറും ഹെല്‍മെറ്റ്‌ കമ്പനിയ്ക്ക്‌ അനുകൂളമായി പ്രതികരിക്കും. 2-7-07 ല്‍ തകരേണ്ടത്‌ എന്ത്‌? തലയോ ഹെല്‍മെറ്റോ? എന്ന ഒരഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ചികിത്സിച്ച്‌ പത്ത്‌ കാശുണ്ടാക്കുവാന്‍ അവസരങ്ങള്‍ ലഭിക്കുന്നത്‌ ഈ ഡോക്ടര്‍ക്ക്‌ വേണ്ടെന്നാണോ? എന്റെ വ്യക്തി പരമായ അഭിപ്രായത്തില്‍ വാഹന മോടിക്കുന്ന ആളെക്കാള്‍ പിന്നിലിരിക്കുന്ന ആളിനാണ് ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്ക്ക്കേണ്ടത്‌. എന്നാല്‍ അക്കാര്യത്തില്‍ എതിര്‍പ്പ്‌ കൂടുമെന്നുള്ളതുകൊണ്ടും വോട്ട്‌ കുറയുമെന്നതുകൊണ്ടും അതൊഴിവാക്കി.

അപകടകാരണങ്ങള്‍ ഒഴിവാക്കുവാനുള്ള നടപടികളാണ് അനിവാര്യം. അതിന് കുണ്ടും കുഴികളുമില്ലാത്ത റോഡ്‌, മിതമായ വേഗത, രാത്രി കാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ ഹെഡ്‌ലൈറ്റ്‌ ബ്ലിങ്ക്‌ ചെയ്യുക‍, വാഹനങ്ങളുടെ ബ്രേക്ക്‌ ലൈറ്റ്‌ ബ്ലിങ്കര്‍ എന്നിവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുക മുതലായവയാണ്. കൂടാതെ ഇരു ചക്ര വാഹനങ്ങള്‍ 60 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയില്‍ കൂടുതല്‍ ഓടിക്കുവാന്‍ കഴിയാത്ത സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ നല്ലതായിരിക്കും. കെ.എസ്‌.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങള്‍ സൂപര്‍ ഫാസ്റ്റ്‌ ബസുകളുടെ ടൈം ടേബിള്‍ പ്രകാരം വഴിയില്‍ വരുന്ന തടസങ്ങള്‍ മറികടക്കുവാന്‍ അമിത വേഗം കൈവരിക്കേണ്ടി വരാതിരിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക (ഇത്‌ സ്വകാര്യ ബസുകള്‍ക്കും ബാധകമാണ്).

ഹെല്‍മെറ്റ്‌ കമ്പനികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ ഹെല്‍മെറ്റ്‌ വില്‍ക്കണം. അതിന് പറ്റിയ മാര്‍ഗം പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഓരോ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കുകയെന്നതാണ്. ആളുകള്‍ക്ക്‌ ഹെല്‍മെറ്റ്‌ വെച്ചാല്‍ തല രക്ഷപ്പെടുമെന്നുണ്ടെങ്കില്‍ വെയ്ക്കട്ടെ. അപ്രകാരമായാല്‍ ന്യായവിലയ്ക്കുതന്നെ ഹെല്‍മെറ്റ്‌ വിപണനവും സാധ്യമാകും. അതിന് ഈ എല്ലാ വാഹനമോടിക്കുന്നവരും ഹെല്‍മെറ്റ്‌ വെയ്ക്കണം എന്ന നിര്‍ബന്ധം ഒഴിവാക്കുകയല്ലെ നല്ലത്‌. അപ്പോള്‍ ഇപ്രകാരം കോടതിചെലവ്‌ നടത്തിയും സര്‍ക്കാരിനെ സ്വാധീനിച്ചും ചെലവുകള്‍ വര്‍ദ്ധിക്കുകയും ഇല്ല. നാറുന്ന കോടികളുടെ കണക്കുകളില്‍ ഹെല്‍മെറ്റും പങ്കാളിയല്ലെ എന്നു മാത്രമെ ഇന്നത്തെ ചുറ്റുപാടില്‍ സംശയിക്കുവാന്‍ കഴിയുകയുള്ളു.

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham, Gmail: chandrasekharan.nair

6 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചന്ദ്രേട്ടാ,
"ഹെല്‍മെറ്റിന് ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ?" എന്നുചോദിച്ചാല്‍ ചിലപ്പോള്‍ കഴിയുംഎന്ന് എന്റെ അനുഭവം തന്നെ യാണ്‌ എന്നെ പഠിപ്പിച്ചത്. ചന്ദ്രേട്ടന്റെ സംശയങ്ങള്‍ ബാംഗളൂര്‍ നഗരത്തില്‍ ഹെല്‍മെറ്റ് നിറ്ബന്ധമാക്കുമ്പോള്‍ എനിക്കും തോന്നിയതാണ്. ഇതൊരു അസൌകര്യമാണെന്നും ചെവികേള്‍ക്കാത്തതുകൊണ്ടും, വശങ്ങള്‍ നല്ലതുപോലെ കാണില്ലെന്നും, കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണെന്നുമൊക്കെ ഞാനും കരുതി. എന്നാല്‍ പിന്നീട് ഇതൊരു ശീലമായി മാറിക്കഴിഞ്ഞപ്പോള്‍ ഇതൊക്കെ അത്രവല്യ ബുധ്ധിമുട്ടയി തോന്നുന്നുല്ല തന്നെ. ഇന്നിപ്പോള്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങളുള്ള ബാംഗളൂരില്‍ ഇന്ന് ഹെല്മെറ്റ് ധരിക്കാതെ 2 വീലറില്‍ ആരും പുറത്തിറങ്ങറില്ലന്നതുതന്നെ ഇതിനു തെളിവാകുന്നു.തിരിഞ്ഞു നോക്കിയല്ലല്ലോ ആരും വണ്ടിയോടിക്കുന്നത്, അതിനാല്‍ റിയറ്വ്യൂ മിററിലൂടെ പുറകുവശം കാണാമെന്നിരിക്കേ, കാഴ്ചവട്ടം അത്രയ്ക്ക് മറയുമോ?
പിന്നെ കേള്വിയുറെ കാര്യം:ഫിലിമൊട്ടിച്ച ഗ്ളാസ്സുകള്‍ എല്ലം ഉയര്‍ത്തിവെച്ച് ഏസിയും പ്രവറ്ത്തിപ്പിച്ച്, ഉച്ചത്തില്‍ സെറ്റും വെച്ച് അല്ലെങ്കില്‍ ചെവിയില്‍ 'ഐപോഡും' തിരുകി പോകുന്നവരേക്കാള്‍ കേള്വിക്കുറവൊന്നുമുണ്ടാകുമെന്ന്‌ തോന്നുന്ന്നില്ല ഹെല്മെറ്റ് വെച്ചാല്‍.
പിന്നെ കൊണ്ടുനടക്കുന്ന കാര്യം: യാത്രചെയ്യ്മ്പോള്‍ അത് തലയില്‍ ഇരുന്നോളും അല്ലാത്തപ്പോള്‍ വണ്ടിയില്‍ തന്നെ നിസ്സാര ചിലവില്‍ ഒരു ഹെല്മെറ്റ് ലോക്ക് ഘടിപ്പിച്ചാല്‍ അതില്‍ വെയ്ക്കാവുന്നതേയുള്ലൂ. ഇതൊരു നിറ്ബന്ധമാക്കിയാല്‍ തല ചൂടാകുമെന്നും, മുടികൊഴിയുമെന്നുമൊക്കെ പറയുന്നത് പാടേ നിരാകരിക്കുന്നില്ലെങ്കിലും അതില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാനും വഴിയുണ്ട്. ആദ്യമായി വിലകുറവുനോക്കി ഗുണനിലവാരം തീരെ കുറഞ്ഞ ( ഐ. എസ്. ഐ ഉള്ളവയെല്ലാം ഗുണനിലവാരം കൂടിയതാകാന്‍ വഴിയില്ല) ഹെല്‍മെറ്റുകള്‍ ഒഴിവാക്കി (തിരക്കിട്ടുള്ള വാങ്ങല്‍ കഴിവതും ഒഴിവാക്കുക) പകരം നല്ല ഗുണനിലവാരമുള്ളവ തിരഞ്ഞെടുക്കുക. നല്ല നിലവാരം ഉള്ള ഹെല്മെറ്റുകള്‍ ഭാരം കുറഞ്ഞവയും, അധികം ചൂട്‌ അകത്തേക്ക് കടത്തിവിടാത്ത ഗുണനിലവാരമുള്ള മെറ്റീരിയല്കൊണ്ട് നിര്‍മ്മിച്ചവയാണ്‌. ചൂടുള്ള കാലാവസ്ഥയില്‍ അരമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ രണ്ടുമിനിട്ടു നേരം ഹെല്മെറ്റൂരി ഒന്നു റിലാക്സ്ചെയ്യുന്നത് നന്നായിരിക്കും. ഹെല്മെറ്റ് വെയ്കുന്നതിനുമുന്പായി അത്യാവശ്യമെങ്കില്‍ ഒരു തൂവാല തലയില്‍ വെക്കുന്നത് മുടികൊഴിച്ചില്‍ ഒരു പരിധിവരെ ഇല്ലാതാക്കും. പുറമേ ഒരു പോറല്‍ പോലുമില്ലാതെ 'ഹെഡിന്‍ചുറി' കൊണ്ടുമാത്രം മരണപ്പെട്ട രണ്ടു യുവാക്കളുടെ ശരീരം സ്ട്രക്ചറില്‍ കൊണ്ടുപോകുന്നത് കണ്മുന്നില്‍ കണ്ടതിന്നും വേദനയോടെ ഓര്‍ക്കുമ്പോള്‍, അല്പം മുടികൊഴിഞ്ഞാലും ഒരു ജീവിതം കൊഴിയുന്നതിനേക്കള്‍ നല്ലാതണെന്ന് കരുതുന്നതല്ലേ ചന്ദ്രേട്ടാ നല്ലത്‌. ഒറ്റപ്പെട്ട മറിച്ചുള്ള അപകടങ്ങളും ഉണ്ടായേക്കാം എന്നാല്‍ അതിപ്പോള്‍ കടത്തിണ്ണയില്‍ നില്ക്കുന്നവര്‍പോലും വണ്ടിയിടിച്ച് മരിച്ചിട്ടില്ലേ?പിന്നെ ഗുണദോഷങ്ങളെ കൂടുതലഭിപ്രായം പറ്യേണ്ടത് ഇത് സ്ഥിരാമായി അതും വര്‍ഷങ്ങളായി ഉപയോഗിക്കുന്നവരല്ലേ? കൂടുതലഭ്പ്രായം ഇക്കാര്യത്തിലുണ്ടാകുമെന്നു കരുതാം. ചന്ദ്രേട്ടാ വാരിവലിച്ചെഴുതിയതില്‍ ക്ഷമിക്കുമല്ലോ.

myexperimentsandme said...

ഷാനവാസിനോട് യോജിക്കുന്നു. ഹെല്‍‌മെറ്റുണ്ടെങ്കിലും ആള്‍ക്കാര്‍ക്ക് അപകടം സംഭവിക്കുന്നുണ്ടെന്നുള്ളത് ഹെല്‍‌മെറ്റ് വെക്കാതിരിക്കാനുള്ള ഒരു കാരണമാക്കേണ്ടതില്ല. ചില രീതിയിലുള്ള വീഴ്ചകളില്‍ നിന്നും തലയെ രക്ഷിക്കാന്‍ ഹെല്‍‌മെറ്റ് എന്തായാലും ഉതകും.

പക്ഷേ ഷാനവാസ് പറഞ്ഞതുപോലെ നല്ല ഗുണനിലവാരമുള്ള (അതെങ്ങിനെ കണ്ടുപിടിക്കും എന്നത് സ്വല്പം പ്രശ്‌നമാവുമായിരിക്കും-ഹെല്‍മെറ്റിലുള്ള ഐ.എസ്.ഐ മാര്‍ക്കിനെ അത്രയ്ക്കങ്ങ് വിശ്വസിക്കേണ്ട) ഹെല്‍‌മെറ്റ് ഉപയോഗിക്കണം.

keralafarmer said...

ഷാനവാസെ: ഹെല്‍മെറ്റിന് പ്രവീണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടായി പൊട്ടിമാറിയ ഹെല്‍മെറ്റ്‌ ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നതാവാം കാരണം.
വക്കാരി: നല്ല ഗുണനിലവാരമുള്ള ഹെല്‍മെറ്റ്‌ - അതെങ്ങിനെ കണ്ടുപിടിക്കും എന്നത് സ്വല്പം പ്രശ്‌നമാവുമായിരിക്കും-ഹെല്‍മെറ്റിലുള്ള ഐ.എസ്.ഐ മാര്‍ക്കിനെ അത്രയ്ക്കങ്ങ് വിശ്വസിക്കേണ്ട.- അതുതന്നെ വലിയൊരു പ്രശ്നം.

A Cunning Linguist said...

ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് എനിക്കും ഇത്തരം സംശയങ്ങള്‍ ഉണ്ടായിരുന്നു. ഹെല്‍മെറ്റ് ഉപയോഗിച്ചു തുടങ്ങിയ ആദ്യത്തെ ഒന്ന് രണ്ട് മണിക്കൂര്‍ ശരിക്കും ആ സംശയങ്ങളെ ശരി വെയ്ക്കുന്ന രീതിയിലായിരുന്നു..... എന്നാല്‍ ഇപ്പോളെനിക്ക് കൊണ്ട് നടക്കുവാനുള്ള ബുദ്ധിമുട്ടൊഴിച്ച് ബാക്കിയൊന്നും തന്നെയില്ല... ഈ ഹെല്‍മെറ്റ് നിയമം ഇനിയുള്ള കാലം മുഴുവന്‍ കര്‍ശനമായി തന്നെ പാലിക്കപ്പെടും എന്ന് വിശസിക്കുന്നു....

അത് പോലെ തന്നെ ഹെല്‍മെറ്റ് ഇപ്പോള്‍ separate ആയിട്ട് കൊടുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, വാങ്ങിക്കുന്ന വണ്ടിയുടെ ഒരു ഭാഗമായി കൊടുക്കുന്ന രീതിയില്‍ , അതായത് ഹെല്‍മെറ്റിനെ വണ്ടിയുടെ ഒരു അവശ്യ ഭാഗമായി consider ചെയ്യുവാനുള്ള നിയമ നിര്‍മ്മാണം നടത്തുകയും, ഹെല്‍മെറ്റിന്‍ മേലുള്ള നികുതികള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ഉപഭോക്താവൈന് അത് തീര്‍ച്ചയായും ഗുണകരമായേ ഭവിക്കൂ....

ഹെല്‍മെറ്റ് അധികം കഷ്ടപ്പെടാതെ തന്നെ മാറ്റുവാനും മറ്റും ഇതു മൂലം സാധിക്കും...

A Cunning Linguist said...

എന്റെ മുന്പത്തെ കമന്റിലെ ഈ വരി "ഹെല്‍മെറ്റ് അധികം കഷ്ടപ്പെടാതെ തന്നെ മാറ്റുവാനും മറ്റും ഇതു മൂലം സാധിക്കും... " , ഇങ്ങനെയാണ് വായിക്കേണ്ടത്..

"ഹെല്‍മെറ്റ് അധികം കഷ്ടപ്പെടാതെ തന്നെ പുതുക്കി മാറ്റുവാനും മറ്റും ഇതു മൂലം സാധിക്കും... "

മുസ്തഫ|musthapha said...

ഷാനവാസ് പറഞ്ഞതിനോട് യോജിക്കുന്നു. അല്പം മുടികൊഴിഞ്ഞാലും ഒരു ജീവിതം കൊഴിയുന്നതിനേക്കള്‍ നല്ലതാണെന്ന് ചിന്തിക്കാനേ കഴിയുന്നുള്ളൂ. ഇവിടെ‍ ബൈക്ക് യാത്രക്കാരെല്ലാവരും തന്നെ തലയില്‍ തൂവാലയോ തൊപ്പിയോ വെച്ചതിന് ശേഷമാണ് ഹെല്‍മറ്റ് ധരിക്കുന്നത് കണ്ടിട്ടുള്ളത്.