Saturday, June 07, 2008

മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

കണ്ണൂര്‍ : കേരള സംസ്ഥാന ഐ.ടി. മിഷന്‍, സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത സംരംഭമായ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കും.

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. പി.കെ. ശ്രീമതി
ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവര സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്പ്യൂട്ടറില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കുകയും ഒപ്പം തന്നെ ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മാതൃഭാഷയായ മലയാളത്തില്‍ കമ്പ്യൂട്ടറുകളുമായി സംവദിക്കാനുള്ള സംവിധാനത്തിന് പ്രചാരണം നല്‍കുകയാണ്
ഈ പദ്ധതി ലക്ഷ്യമിടുന്നത്.

യൂണിക്കോഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ്ങ് സാധ്യമാവുന്നത്. സാധാരണക്കാര്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസിംഗ്, ഇ-മെയില്‍ ചാറ്റിംഗ്, ബ്ലോഗിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇതിലൂടെ മലയാളത്തില്‍ സാധ്യമാവും. ഇതു സമൂഹത്തിലെ എല്ലാ വിഭാഗം
ജനങ്ങള്‍ക്കും ഇനിമുതല്‍ കമ്പ്യൂട്ടറുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സഹായകരമാവും. സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കണ്ണുര്‍ ജില്ലയിലാണ്.

ഇതു കൂടാതെ യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനള്‍ക്കായി അക്ഷയ നിര്‍മ്മിച്ച മലയാളം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടലായ http://entegramam.gov.in ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://malayalam.kerala.gov.in

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

No comments: