


ചരമ അറിയിപ്പ്
1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും വളരെ കാലപ്പഴക്കം ചെന്നതും ദോഷകരവുമാണ്. അന്ന് നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട് ആകൃതിയിൽ നിറഭേദം കൊണ്ട് കടുത്തവിഷം ചുവപ്പും വിഷ സൂചനയും, കൂടിയവിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട് വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിർമിത വിഷങ്ങളും കടുത്തവിഷമായ ചുവപ്പിൽ വന്നുചേർന്നു. 35 വർഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ കുട്ടിച്ചോറാക്കിയെന്നതാണ് വാസ്തവം.
നാൾക്കുനാൾ വിപണിയിലെത്തുന്ന പുതുപുത്തൻ വിഷങ്ങളെപ്പറ്റി പഠനമോ ഗവേഷണമോ നടത്താതെ നമ്മുടെ കൃഷിശസ്ത്രജ്ഞർതന്നെ പ്രചാരവും കൊടുക്കുന്നു. അതിന് ഏറ്റവും പുതിയ തെളിവാണ് വെള്ളായണി കാർഷിക സർവകലാശാലയിലെ ഗവേഷകർ ഫലപ്രദമായ റോഡന്റിസൈഡാണ് ബ്രോമാഡിയോലോൺ എന്ന് പ്രഖ്യാപിച്ചത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ സൈറ്റിൽ ഈ വിഷം തികച്ചും അപകടകാരി എന്നും, അതിന് മുൻപ് ലഭ്യമായ കാർബോഫുറാൻ വൻ അപകടകാരി എന്നും ഇരുപതു വർഷമായി ഉപയോഗിക്കുന്ന എൻഡോസൾഫാൻ മിതമായ തോതിൽ അപകടകാരി എന്നും പറയുന്നു. വ്യത്യസ്ഥങ്ങളായ വീര്യമുള്ള ഇവയെല്ലാം തന്നെ ഇന്ത്യയിൽ കഠിനവിഷത്തിലാണ് വരുന്നത്. വിഷങ്ങളെല്ലാം തന്നെ വൃക്ഷലതാദികൾക്കും പക്ഷിമൃഗാദികൾക്കും മനുഷ്യനും ഹാനികരമാണ് എന്ന് പ്രത്യേകമ്പറയേണ്ട കാര്യമില്ലല്ലോ. പഞ്ചഭൂതങ്ങളെ നശിപ്പിക്കുന്നവിഷങ്ങളുടെ വീര്യത പരിഗണിച്ച് കാലഹരണപ്പെട്ട പഴയ ഇൻസെക്ടിസൈഡ് ആക്ടും റൂളും ഭേദഗതിവരുത്തുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കരിനുതന്നെയാണ്. എൻഡോസൾഫാനേക്കാൾ വീര്യം കൂടിയ ബ്രോമാഡിയോലോൺ ഗോതമ്പ്‌മാവും തേങ്ങപിണ്ണാക്കും പഞ്ചസാരയും കലർന്ന മിശ്രിതത്തിൽ 0.005 ശതമാനം മാത്രമേ ഈ വിഷം അടങ്ങിയിട്ടുള്ളുവെന്നും അതിനാൽ താനിത് ഭക്ഷിച്ച് കാണിക്കാം എന്നും കൃഷിോഫീസറുടെ സാന്നിധ്യത്തിൽ വെയർ ഹൌസിംഗ് കോർപ്പറേഷന്റെ പ്രതിനിധി എന്റെ ഗ്രാമവാസികളോട് പറയുമ്പോൾ ഒരു ജനതയെ അറിഞ്ഞുകൊണ്ട് കൊല്ലുകയല്ലെ ചെയ്യുന്നത്. രാസവളവും മറ്റും കാർഷികേതരപട്ടികയിൽ വരുമ്പോൾ ഇത്തരം കാർഷിക ഉത്‌പന്നമല്ലാത്ത വിഷങ്ങൾ കാർഷികപട്ടികയിൽ വരുന്നത് ശരിയാണോ? കേരളത്തിലെ എം.പി മാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും കീടനാശിനി-വിൽപ്പന നിയമങ്ങൾ ഭേദഗതി ചെയ്യിക്കുമെന്നും കേരളത്തെ രക്ഷിക്കുമെന്നും പ്രതീക്ഷിക്കട്ടെ!
എസ്.ചന്ദ്രശേഖരൻ നായർ
കടപ്പാട് മാതൃഭൂമി: 16-03-06

ജലം നമ്മുടെ പ്രാണനാണ്. ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ വസ്തുക്കളിൽ വായുകഴിഞ്ഞാൽ അടുത്ത സ്ഥാനമാണ് ജലത്തിനുള്ളത്. മനുഷ്യന്റെ ശരീരഭാഗത്തിന്റെ 70% വും ജലമാണല്ലോ. മനുഷ്യശരീരത്തിലെ എല്ലാ ജൈവ, രാസ പ്രവർത്തനങ്ങൾക്കും ജലം കൂടിയേ മതിയാകൂ. അതുപോലെ എൻസൈമുകളുടെ ശരിയായ പ്രവർത്തനത്തിനും നമുക്ക് ആവശ്യമായ പോഷക പദാർത്ഥങ്ങളുടെ ആഗിരണത്തിനും വെള്ളം അത്യാവശ്യമാണ്. വ്യക്തി ജീവിതത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനുമുള്ള പ്രധാന ഘടകമാണ് കുടിവെള്ളം. എന്നാൽ ഈ ജീവാമൃതം അനുദിനം മലിനീകരിക്കപെട്ടുകൊണ്ടിരിക്കയാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്.
ശുദ്ധജലവും ശുചിത്വവും നല്ല ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങളാണ്. നമുക്കിടയിൽ കണ്ടുവരുന്ന രോഗങ്ങളിൽ 80% വും ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്. കേരളത്തിൽ വർഷംതോറും ആറുലക്ഷത്തിൽപ്പരം ആളുകൾ ജലജന്യരോഗങ്ങൾക്ക് അടിമപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്. ജലജന്യരോഗങ്ങൾക്ക് മുഖ്യകാരണം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല എന്നതാണ്.
ശുദ്ധമായ വെള്ളം എന്നു പറയുന്നത് നിറമോ മണമോ രുചിയോ ഇല്ലാത്ത ഒരു പദാർത്ഥമായിട്ടാണല്ലോ നാം കുഞ്ഞുനാളിൽ പഠിച്ചത്. എന്നാൽ ഇത് എത്രമാത്ര്ം ശരിയണ്? "തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം" എന്ന് കവിപാടിയതോർക്കുന്നില്ലെ? അതേ, നാം കുടിക്കുന്ന വെള്ളത്തിന് അതിന്റേതായ മണവും നിറവും രുചിയും എല്ലാം ഉണ്ട്. വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങളാണ് ജലത്തിന് അതിന്റെ രുചി നൽകുന്നത്. കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, അലുമിനിയം, ഇരുമ്പ് മുതലായ ലോഹങ്ങളും ധാതുലവണങ്ങളുമാണ് ജലത്തിന്റെ രുചിക്ക് കാരണം. ഈ ഘടകങ്ങളെല്ലാം ഒരു പരിധിവരെ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ഇവയും നമുക്ക് ഹാനികരമാണ്. ഇവ്‌ഇടെയാണ് ജലപരിശോധനയുടെ ആവശ്യം നാം മനസിലാക്കേണ്ടത്. വെള്ളത്തിലെ ഓരോ ഘടകവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്ന അളവിനേക്കാൾ കൂടുതലാണോ അല്ലയോ എന്നറിയണമെങ്കിൽ നാം കുടിക്കുന്ന വെള്ളം സമഗ്രമായി അപഗ്രഥിക്കണം.
ശുദ്ധമെന്ന് കരുതിയിരുന്ന പല ജലസ്രോതസ്സുകളും ഇന്ന് മലിനീകരിക്കപ്പെടുന്നതിനാൽ ഗുണനിലവാരം അളക്കുന്നതിനുള്ള സംവിധാനങ്ങൾ ആവശ്യമായിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമർഥരായ ശാസ്ത്രജ്ഞരുടെ ശ്രമഭലമായി ഇന്ന് ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ലഭ്യമാണ്. ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളം പരിശോധിക്കുന്നതിനുള്ള പരീക്ഷണശാലകളും നിലവിലുണ്ട്.
നാം കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ലളിതമായ ശുദ്ധീകരണമാർഗങ്ങളെപ്പറിയും ഒരു സാമാന്യ ബോധം നമ്മൾ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. കുടിവെള്ളം വർഷത്തിലൊരിക്കൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാകുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ഒരു പുതിയ കിണർ നിർമിച്ചു കഴിഞ്ഞാൽ ആ കിണറ്റിലെ വെള്ളം കുടിക്കാൻ ഉപയുക്തമാണോ എന്നറിയേണ്ടതുണ്ട്. അതിന് ആദ്യമായി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും അടുത്തുള്ള ഏതെങ്കിലും പരിശോധനാ ലബോറട്ടറിയിൽ സാമ്പിൾ എത്തിക്കുകയും ചെയ്യണം. ഇത് മിക്കപേരും ചെയ്യാറില്ല. ഇവിടെയാണ് വാട്ടർ കർഡിന്റെ പ്രസക്തി. നമ്മൾ ഓരോരുത്തരും പലതരത്തിലുള്ള കാർഡുകളുടെ ഉടമകളാണല്ലോ. റേഷൻ കാർഡു മുതൽ തിരിച്ചറിയൽ കാർഡ് വരെ വിവിധ തരത്തിലുള്ള കാർഡുകൾ നാം ഇന്ന് ഉപയോഗിച്ചുവരുന്നുണ്ടല്ലോ. നമ്മളിൽ പലരും രക്തം, മൂത്രം എന്നിവയുടെ പരിശോധനാ റിപ്പോർട്ട് സൂക്ഷിക്കുന്നവരാണ്. എന്നാൽ നമ്മുടെ ജീവന്റെ ജീവനായ ജലത്തെക്കുറിച്ചുള്ള ആധികാരികമായ രേഖ ഉൾക്കൊള്ളുന്ന ഒരു വാട്ടർ കാർഡ് നമുക്ക് ആവശ്യമില്ലേ? ഓരോ ദിവസവും ശരാശരി രണ്ടുമുതൽ മൂന്നുലിറ്റർവരെ വെള്ളം നാം കുടിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ വെള്ളത്തിനു പുറമേ ഹോട്ടലുകൾ ജൂസ്‌പാർലറുകൾ, ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം നമ്മൾ വെള്ളം കുടിക്കുന്നവരാണ്. ഈ വെള്ളം എവിടെനിന്ന് ശേഖരിച്ചതാണെന്നോ ഗുണനിലവാരം ഉറപ്പുവരുത്തിയതാണെന്നോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. നാം ഉപയോഗിക്കുന്ന ജലം ഭൂജലമാണോ ഉപരിതലജലമാണോ എന്നതൊക്കെ അറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യവകുപ്പിന് ഹോട്ടലുകളിലും ആശുപത്രികളിലുമെല്ലാം വാട്ടർ കാർഡ് നിർബന്ധമാക്കാവുന്നതാണ്. വാട്ടർകാർഡിൽ ജലത്തിന്റെ ഉറവിടം, പരിശോധനാ റിപ്പോർട്ട്, ശുദ്ധീകരണരീതി എന്നിവ നിർബന്ധമായും അടങ്ങിയിരിക്കണം. വെള്ളത്തിലെ മാലിന്യങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിഷ്കർഷിച്ച്‌അ അളവിനേക്കാൾ കൂടുതലാണെങ്കിൽ അവ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗിക്കാവൂ. കുടിവെള്ളസ്രോതസ്സുകൾ മലിനീകരിക്കപ്പെടാതെ പരിരക്ഷിക്കേണ്ടതും ഒപ്പം അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.
കടപ്പാട്: മാതൃഭൂമി 1-2-06

കാക്കകൾ കൂട്ടത്തോടെ ചത്താലും പക്ഷിപ്പനിയാണോ എന്നാവും അന്വേഷണം. അല്ലാതെ വിഷം കഴിച്ചതാണോ എന്ന് അന്വേഷിക്കാൻ കഴിയില്ലല്ലോ. വിഷമാണെന്നറിഞ്ഞാൽ അതിന്റെ ഉത്ഭവസ്ഥാനമൊക്കെ അന്വേഷിക്കേണ്ടിവരില്ലെ. മനുഷ്യൻ ചത്താൽ പോസ്റ്റ്‌മർട്ടം നടത്തി കാരണം കണ്ടുപിടിക്കും. ഇത് പാവം കാക്കയുടെ കാര്യം.
വേട്ടമ്പള്ളി സ്വദേശി ശങ്കരപ്പിള്ള, ഭാര്യ സരോജിനി അമ്മ, മകൻ വേണുഗോപാലൻ നായർ എന്നിവരെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു
സ്വന്തം ലേഖകൻ
നെടുമങ്ങാട്:സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ദുരിതത്തിൽ കഴിയുന്ന മൂന്നംഗ കുടുംബത്തിന് 'മാതൃഭൂമി' വാർത്ത തുണയായി. വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്ത് മൂനുപേർക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ടു.
തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് എസ്.സോമനാണ് പത്രവാർത്തയുടെ അടിസ്ത്താനത്തിൽ കേസെടുത്ത് ദുരിതത്തിൽ കഴിയുന്നവർക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്.
സമ്പത്തുണ്ടായിട്ടും രോഗവും പട്ടിണിയും കാർഅണം ദുരിതമനുഭവിക്കുന്ന വേട്ട്മ്പള്ളി തയ്ക്കാട്ട് പടിഞ്ഞാറ്റുവീട്ടിൽ പനവൂർ ശങ്കരപ്പിള്ള (67), ഭാര്യ സരോജിനി അമ്മ (60), മകൻ വേണുഗോപാലൻ നായർ (40) എന്നിവർക്കാണ് കോടതി രക്ഷയായത്.
കോടതി ഉത്തരവിൻ പ്രകാരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽനിന്നും ജീവനക്കാരെത്തി മൂന്നുപേരെയും ആംബുലൻസിൽ കൊണ്ടുപോയി. മാനസികനില താളം തെറ്റിയ സരോജിനി അമ്മയേയും വേണുഗോപാലൻ നായരേയും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രോഗശയ്യയിൽ കിടക്കുന്ന ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധ സദനത്തിലും പ്രവേശിപ്പിച്ചു.
ശങ്കരപ്പിള്ളയുടേയും കുടുംബത്തിന്റെയും സ്വത്തുക്കൾ സംരക്ഷിക്കാൻ നെടുമങ്ങാട് പോലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.വീടുസാധനങ്ങളുടെ പട്ടികയെടുത്ത് വീട് പൂട്ടി താക്കോൽ പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ കുമരന്റെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പത്തുദിവസത്തിനുള്ളീൽ ഇവരുടെ രോഗവിവരം കോടതിയെ അറിയിക്കാൻ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസുമായി ഒരു കുടുമ്പം' എന്ന തൽക്കെട്ടിൽ 13 ന് 'മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൃഷിചെയ്ത് ഉപജീവനം നടത്തിയിരുന്ന ശങ്കരപ്പിള്ള രണ്ടുവർഷം മുമ്പാണ് നട്ടെല്ല് പഴുത്ത് കിടപ്പിലായത്. മനസിന് താളം തെറ്റിയ വേണുഗൊപാലൻ നായരും സരോജിനി അമ്മയും ഇതോടെ പട്ടിണിയിലായി.
പ്രീ ഡിഗ്രി വരെ പഠിച്ച വേണു ആധ്യാത്മികതയിൽ ആകൃഷ്ടനായി നാടുവിട്ടു. ശിവഗിരി മഠത്തിൽ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന് കുറച്ചുകാലം പഠനം നടത്തി. അവിട്‌എനിന്നും തിരിച്ചുപോന്ന വേണു നാട്ടിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. നഗ്നനായി റോഡിലൂടെ നടക്കുമ്പോൾ വേണുവിനെ ചിലർ കല്ലെറിയുന്നത് പതിവായിരുന്നു.ശങ്കരപ്പിള്ളയേയും കുടുംബത്തേയും സംരക്ഷിതകേന്ദ്രത്തിലെത്തിക്കാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. ഈ കുടുംബത്തെ രക്ഷിക്കാൻ കോടതി കനിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
കടപ്പാട്: മാതൃഭൂമി 2005 നവംബർ 15 ചൊവ്വാഴ്ച
"സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വകുപ്പ് വേറെ പക്ഷേ വൈകിപ്പോയി"
കോടതി കനിഞ്ഞെങ്കിലും സഹായത്തിന് കാത്തുനിൽക്കാതെ വേണുഗോപാലൻ യാത്രയായി
നെടുമങ്ങാട്: കോടതിയുടെ ഇടപെടലിലൂടെ ലഭിച്ച സഹായം വേണുഗോപാലിന് അധികനാൾ വേണ്ടിവന്നില്ല. ദുരിതപർവം പൂർത്തിയാക്കി വേണുഗോപാലൻ യാത്രയായി.'മാതൃഭൂമി' വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം ചികിത്സയ്ക്കായി പേരൂർക്കട മാനസ്സികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയ വേട്ടമ്പള്ളി തയ്ക്കാട്ട് പടിഞ്ഞാറ്റ് വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ വേണുഗോപാലൻ നായർ (40) മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു.'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസ്സുമായി ഒരു കുടുംബം' എന്ന റ്റ്‌ഹലക്കെട്ടിൽ നവംബർ 13 ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ലക്ഷങ്ങളുടെ സ്വത്തുണ്ടായിട്ടും ശങ്കരപ്പിള്ളയും ഭാര്യ സരോജിനിയമ്മയും മകൻ വേണുഗോപാലൻ നായരും രോഗവും പട്ടിണിയും കാരണം ദുരിതമനുഭവിക്കുകയായിരുന്നു. ശങ്കരപ്പിള്ള നട്ടെല്ല് തളർന്ന് കിടപ്പായിരുന്നു. സരോജിനിയമ്മയും മകനും താളം തെറ്റിയ മനസുമായി തകർന്ന് വീഴാറായ വീടിനുള്ളിൽ മലമൂത്രവിസർജ്യങ്ങൾക്ക് നടുവിലാണ് കിടന്നിരുന്നത്`.'മാതൃഭൂമി' വാർത്തയിലൂടെ ഇവരുടെ ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ് ഇവരെ ഏറ്റെടുക്കാൻ ഉത്തരവിട്ടത്. അതിൻ പ്രകാരം നവംബർ 15 ന് നെടുമങ്ങാട് പോലീസിന്റെ സാന്നിധ്യത്തിൽ വീടുപൂട്ടി കോടതി ഏറ്റെടുക്കുകയായിരുന്നു. മാനസികനില തെറ്റിയ വേണുഗോപാലൻ നായർഏയും സരോജിനിഅമ്മയേയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധസദനത്തിലുമാണെത്തിച്ചത്. അർബുദം ബാധിച്ചുകിടന്ന ശങ്കരപ്പിള്ളയെ കോടതി നിർദ്ദേശപ്രകാരം ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലുകൾ നിവർത്തി എഴുന്നേൽക്കാൻ കഴിയുന്ന അവസ്ഥയിലായി ശങ്കരപ്പിള്ള.വേണുഗോപാലന്റെ മാനസികനില ശരിയായിവരുന്നതിനിടയിലാണ് കുടലിന് അസുഖം പിടിപെട്ടത്. അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് വേണുഗോപാലൻ മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ ബന്ധുക്കൾ വാങ്ങി.
കടപ്പാട്: മാതൃഭൂമി 30-11-05
"വേണുഗോപാലന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു"
നെടമങ്ങാട്: ലക്ഷങ്ങളുടെ ഭൂസ്വത്ത്. അസ്തിന് നടുവിൽ പട്ടിണിയും മനോവിഭ്രാന്തിയുമായി ഒരു കുടുംബം. വേട്ട്മ്പള്ളി തയ്ക്കാട്ട്‌പടിഞ്ഞാറ്റ് വീട്ടിൽ പനവൂർ ശങ്കറപ്പിള്ളയും കുടുംബവ്ബുമാണ് ഈ ദുരിതജീവിതത്തിന്റെ ഇരകൾ. ശങ്കരപ്പിള്ള (67), ഭാര്യ സരോജിനിഅമ്മ (60), മകൻ വേണുഗോപാലൻ നയർ (40) എന്നിവർ താമസിക്കുന്നത് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിൽ. ശങ്കരപ്പിള്ള നട്ടെല്ല് പഴുത്ത് ഓപ്പറേേഷൻ കഴിഞ്ഞ് കിടക്കുന്നു. കാലുകൾ നിവർത്താനോ കിടക്കയിൽനിന്ന് എഴുന്നേൽക്കാനോ കഴിയില്ല. ഭൂമിയിൽ സ്വന്തമായി കൃഷിചെയ്ത് കുടുംബം പോറ്റിയിരുന്ന ശങ്കരപ്പിള്ള കിടപ്പിലായതോടെ ഈ കുടുംബം മുഴു പട്ടിണിയിലായി. സരോജിനിഅമ്മ വികലാംഗയാണ്. ചെവിയും കേൾക്കില്ല. മാനസിക രോഗിയുമാണ്. ശരീരം നീരുവന്ന് വീർത്തിരുക്കുകയാണ്. വേണുഗോപാലൻ നായർ 20 വർഷമായി മാനസികരോഗ്ഗത്തിന്റെ പിടിയിലാണ്. പട്ടിണികൊണ്ട് എല്ലും തോലുമായ ശരീരത്തിൽ രോഗങ്ങൾ പിടിപെട്ടുതുടങ്ങി. വിശന്ന് സഹിക്കവയ്യാതെ വരുമ്പോൾ പുറത്തെ തെങ്ങിഞ്ചോട്ടിലിറങ്ങി നിലവിളിക്കും. വേണുവിന്റെ നിലവിളി ഹൃദയഭേദകമാവുമ്പോൾ അയൽക്കാർ എന്തെങ്കിലും ഭക്ഷണം കൊണ്ടുകൊടുക്കും. 75 സെന്റ് റബ്ബർ തോട്ടവും മൂന്നുപറ നിലവും സ്വന്തമായിട്ടുണ്ട്. ഏകദേശം 15 ല്ക്ഷം രൂപയുടെ സ്വത്ത്. വേണുഗോപാലിന്റെ പഠനം പ്രീ-ഡിഗ്രിവരെ. ആധ്യത്മികതയിൽ ആകൃഷ്ടനായി നാടുവിട്ട വേണു ശിവഗിരി മഠത്തിലാണ് എത്തിയത്. വേണുജി എന്ന പേരിൽ മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന് കുറച്ചുകാലം പഠനം നടത്തി. പിന്നീട് മനോനിലതെറ്റിയ വേണുവിനെ കുറച്ചുകാലം ചികിത്സിച്ചു. നഗ്നനായി റോഡിലൂടെ നടക്കുന്ന വേണുവിനെ കല്ലെറിഞ്ഞാണ് നാട്ടുകാർ ഓടിച്ചിരുന്നത്. മലമൂത്രങ്ങൾ നിറഞ്ഞ വീട്ടിലേയ്ക്ക് ആഹാരമെത്തിക്കൻ പോലും ആരും തയ്യാറകാത്ത അവസ്ഥയാണ്. ദൈന്യതനിറഞ്ഞക്ക് ഈ കുടുംബത്തിന് എവിടെനിന്നെങ്കിലും ഒരു കൈ താങ്ങുണ്ടാകുവാൻ വേട്ടമ്പള്ളി നിവാസികൾ അകമഴിഞ്ഞ് പ്രാർഥിക്കുകയാണ്.
കടപ്പാട്: മാതൃഭൂമി
"ഈ ഗതി മാറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ"
