Sunday, July 16, 2006

കേരളവും മലയാളം ബ്ലോഗേഴ്‌സും

ഏറ്റവും കൂടുതല്‍ മലയാളികളുള്ള കേരളത്തില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ അനന്ത സാധ്യതയാണുള്ളത്‌. 2006 ജൂലൈ 8 ന്‌ നടന്ന കേരള ബ്ലോഗേഴ്‌സ്‌ സംഗമം ഒരു വന്‍ വിജയം തന്നെയായിരുന്നു. ചില മാധ്യമങ്ങള്‍ വെളിച്ചം കാണിക്കുകയും ചെയ്തു. ചെലവുകള്‍ അതുല്യയും വിശ്വപ്രഭയും പങ്കിട്ടെടുത്തതുകാരണം വരവ്‌ ചെലവുകളെപ്പറ്റി ആരും ഒന്നും അറിഞ്ഞില്ല. ഇതിന്‌ നേതൃത്വം നല്‍കിയ അതുല്യയോടും വിശ്വത്തോടും കേരളഫാര്‍മര്‍ക്ക്‌` നന്ദിയും കടപ്പാടും ഉണ്ട്‌. എന്നാല്‍ അതിന്‌ ശേഷം ബ്ലോഗുകള്‍ക്ക്‌ അനുകൂലമല്ലാത്ത ചില ബ്ലോഗുകളും കമെന്റുകളും കാണുവാനിടയായി. അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുവാനാണ്‌ കേരള ഫാര്‍മര്‍ക്ക്‌ തോന്നിയത്‌. കാരണം തനിമലയാളം ഡോട്ട്‌ ഓര്‍ഗ്‌ എന്നത്‌ ഒരു വ്യക്തി കൈകാര്യം ചെയ്യുന്നതും അശ്ലീല വാക്കുകളോ തെറ്റായ വിമര്‍ശനങ്ങളോ കാണുകയോ ആരെങ്കിലും പരാതിപ്പെടുകയോ ചെയ്താല്‍ ആവ്യക്തിക്ക്‌ യുക്തമെന്ന്‌ തോന്നുന്നത്‌ ചെയ്യുവാനുള്ള അവകാശവും അധികാരവും ഉണ്ട്‌. അതിനാല്‍ മാന്യമായ രീതിയില്‍ വാക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബ്ലോഗര്‍മാര്‍ സഹകരിക്കേണ്ടതുണ്ട്‌.

ഇന്റര്‍വ്യൂകളിലും പത്ര വാര്‍ത്തകളിലും മറ്റും ധാരാളം തെറ്റുകള്‍ കടന്നു കൂടുന്നതായും കാണുവാന്‍ കഴിഞ്ഞു. ഇവയെല്ലാം ഭാവിയിലെങ്കിലും ഒഴിവാക്കേണ്ടതല്ലെ? കേരളത്തിലെ മാധ്യമങ്ങള്‍ ബ്ലോഗുകളെപ്പറ്റി ശരിയായ പഠനമോ അന്വേഷണമോ നടത്താതെ വെളിച്ചം കാണിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. വിശ്വപ്രഭയും കേരളഫാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ സിസ്റ്റം ടെക്‌നീഷ്യന്റെ അഭാവം വലിയ ഒരു പാളിച്ചയായി കാണുവാന്‍ കഴിഞ്ഞു.

ബ്ലോഗുകളുമായി ബന്ധപ്പെട്ട്‌ നാം ഇനി എന്തു ചെയ്യണം നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്‌ അതിലേയ്ക്കായി ബൂലോകമലയാളികളെയും ഈ ചര്‍ച്ചയിലേയ്ക്ക്‌ ഷണിച്ചുകൊള്ളുന്നു. കേരള ഫാര്‍മര്‍ക്ക്‌ പറയുവാനുള്ളത്‌ ജില്ലകള്‍തോറും ജില്ലാ ബൂലോക സംഗമം സംഘടിപ്പിക്കുന്നത്‌ നല്ലതാണ്‌ എന്നാണ്‌. മാധ്യമങ്ങള്‍ക്ക്‌ നല്‍കുവാന്‍ ഒരു ബ്ലോഗ്‌ നല്ലരീതിയില്‍ പെരിങ്ങോടന്‍, വിശ്വം, സിബു, അനില്‍, തുടങ്ങിയവരുടെ കോണ്‍ട്രിബൂഷനോടെ പ്രസിദ്ധീകരിക്കുന്നതാവും നല്ലത്‌. അപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ അതിന്റെ പ്രിന്റൗട്ട്‌ കൊടുത്താല്‍ മതിയല്ലോ. അല്ലാതെ ഓരോരുത്തരും കേരളഫാര്‍മര്‍ ഉള്‍പ്പെടെ വായില്‍ തോന്നുന്നത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ല എന്ന അഭിപ്രായവും പരിഗണിക്കാവുന്നതാണ്‌.

Saturday, July 15, 2006

ബൂലോഗ‌ ക്ലബ്ബ്‌: വരമൊഴിയുടെ ചരിത്രം

ഇന്നത്തെ ചുറ്റുപാടില്‍ വരമൊഴിയെക്കുറിച്ചും അതിന്റെ ഉത്‌ഭവത്തെക്കുരിച്ചും ഏതെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചാല്‍ വലിയ തെറ്റുകളില്ലാതെ പറയാന്‍ കഴിയുമല്ലോ. അല്ലെങ്കില്‍ ഈ ലിങ്കൊന്ന്‌ വായിച്ചുനോക്കാനെങ്കിലും പറയാമല്ലോ.സിബുവെന്ന മഹാനായ വ്യക്തിയുടെ സംഭാവന എന്തായിരുന്നു വെന്ന്‌ മലയാളികളായ ആരും മറക്കാന്‍ പാടില്ലല്ലോ. എനിക്കെഴുതുവാന്‍ ഇന്റെനെറ്റിലൂടെ പേനയും പേപ്പറും വായനക്കാരെയും തന്ന ബൂലോഗത്തെ ഈരേഴുലകങ്ങളും പ്രശംസിക്കട്ടെ. ഇനി മലയാളമറിയാത്ത പാശ്ചാത്യരും മലയാളം പഠിക്കട്ടെ.
ബൂലോഗ‌ ക്ലബ്ബ്‌: വരമൊഴിയുടെ ചരിത്രം

Friday, July 14, 2006

ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വെളിച്ചം കാണിക്കാത്ത സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം എനിക്കു ബ്ലോഗുകളിലൂടെ വെളിച്ചം കാണിക്കാന്‍ കഴിഞ്ഞത്‌ ബ്ലോഗുകളുടെ വിശ്വാസ്യത പത്ര, റ്റി.വി മാധ്യമങ്ങളെക്കാള്‍ എത്രയോ മുന്നിലാണെന്നുള്ളതിന്‌ നല്ലരുദാഹരണം മാത്രമാണ്‌. വര്‍ഷങ്ങളായി ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കണക്കിലെ തിരിമറി ബ്ലോഗുകള്‍ ഉള്ളതുകൊണ്ടു മാത്രം വെളിച്ചം കാണിക്കാന്‍ കഴിഞ്ഞു വെന്നതാണ്‌ വാസ്തവം. ഞാനീ കണക്കുകളുമായി കയറിയിറങ്ങാത്ത മാധ്യമങ്ങളില്ല. പല നല്ല റിപ്പോര്‍ട്ടേഴ്‌സും കവറുചെയ്‌ത്‌ കൊണ്ടുചെന്നാലും ഒരു റ്റി.വി ചാനലും വെളിച്ചം കാണിക്കുവാന്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ വെളിച്ചം കാണിച്ചവര്‍ രണ്ടാം തവണചെന്നാല്‍ മുഖം തരാതിരിക്കുകയോ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായോ കാണാം. ഇത്തരം കാര്യങ്ങള്‍ ഇംഗ്ലീഷിലെഴുതി ലോകം മുഴുവന്‍ കാണാനുള്ള അവസരങ്ങളായിരുന്നു എനിക്കാദ്യം ലഭ്യമായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെഴുതി കേരളീയരെ അറിയിക്കുവാന്‍ കഴിയുന്നു.
ഒരിക്കല്‍ ഞാന്‍ ആയിരം രൂപ നല്‍കി ഒരു പത്ര സമ്മേളനം(Press club Thiruvananthapuram) നടത്തുകയുണ്ടായി. അവിടെ ധാരാളം പേര്‍ പങ്കെടുക്കുകയും ഒരു പത്രം മാത്രം ഞാന്‍ പറഞ്ഞതിന്റെ ഒരു ഭാഗം അതേരീതിയില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചുവെങ്കില്‍ മറ്റൊരു പത്രം ഞാന്‍ പറയാത്ത തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അടുത്തദിവസം ഞാനാ പത്രത്തിന്‌ അത്‌ തിരുത്തിക്കൊണ്ട്‌ ഒരു പരാതി എഴുതിക്കൊടുത്തിട്ടും ആ തിരുത്തല്‍ വെളിച്ചം കാണിച്ചില്ല. മറ്റ്‌ മാധ്യമങ്ങള്‍ ഒരു വരിപോലും വെളിച്ചം കാണിച്ചതുമില്ല.
ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

Monday, July 10, 2006

2006 ജൂലൈ 9 ന്‌ മംഗളത്തില്‍ വന്നത്‌

മോണിട്ടറുകളില്‍ മലയാള തനിമയൊരുക്കി മലയാള ബൂലോക സംഗമം
കൊച്ചി: ഒരു അദ്‌ഭുതവിദ്യയുടെ മാസ്‌മരികത. ആ മാസ്‌മരികതയില്‍ മലയളത്തെ തൊട്ടറിഞ്ഞ അവര്‍ക്ക്‌ ഇന്നലെവരെ പരസ്പരം മുഖങ്ങളില്ലായിരുന്നു. ആദ്യമായി അവര്‍ കണ്ടുമുട്ടിയപ്പോള്‍ ഭാവനയുടെ മോണിട്ടറുകളില്‍ തെളിഞ്ഞുവന്നത്‌ മലയാണ്മയുടെ ഇ-മനസുകള്‍.
സാങ്കേതികവിദ്യകളുടെ നൂലാമാലകളില്ലാതെ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിട്ട്‌ അത്‌ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ സഹൃദയരിലെത്തിക്കാന്‍ കഴിഞ്ഞവരുടെ കൂട്ടായ്മ കൊച്ചിയില്‍ നടന്നു. വിവിധ തൂലികാനാമങ്ങളില്‍ നെറ്റിലൂടെമാത്രം അറിഞ്ഞിരുന്നവര്‍ക്ക്‌ നേരി‍ട്ട്‌ അറിയുവാന്‍ അവസരമൊരുക്കുകയായിരുന്നു മലയാള "ബൂലോക" സംഗമത്തിലൂടെ.
ബ്ലോഗ്‌സ്പോട്ട്‌ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ്‌ മീഡിയയിലൂടെ യാണ്‌ തൂലിക സങ്കേതങ്ങള്‍ തീര്‍ത്ത്‌ സൃഷ്ടികള്‍ ചയയ്ക്കുന്നത്‌. വിദേശ ഇന്ത്യക്കാര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ എന്നിവരുടെ ഇടയില്‍ പ്രചാരം നേടിയ ബ്ലോഗിംഗ്‌ ഇടത്തരക്കാരിലേയ്ക്കും പടര്‍ന്ന്‌ കയറുകയാണ്‌. അഭിപ്രായങ്ങളും രചനകളും സ്വതന്ത്രമായി ഇന്റര്‍നെറ്റ്‌വഴി എഴുതാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന വെബ്‌സൈറ്റാണ്‌ ബ്ലോഗ്ഗ്‌സ്പോട്ട്‌.മലയാളം ടൈപ്പ്‌റൈറ്റിംഗ്‌ ലഘൂകരിച്ച്‌ മലയാളമല്ലാത്ത ഇംഗ്ലീഷ്‌ കീ ബോര്‍ഡുകളില്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ അമര്‍ത്തി അത്‌` മലയാളമായി സ്ക്രീനില്‍ തെളിയുന്ന അദ്‌ഭുതവിദ്യ തെളിയിച്ചെടുത്തത്‌ അമേരിക്കന്‍ മലയാളിയായ സിബു ജോണിയാണ്‌. മനസില്‍ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിടുവാന്‍ അവസരമുണ്ടാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ 'വരമൊഴി' കെവിന്‍, ഉമേഷ്‌ ജി നയര്‍ എന്നിവരും 15 വര്‍ഷമായി ഇ-രചന രംഗത്തുണ്ട്‌. തോന്യാക്ഷരങ്ങള്‍, പ്രാണിലോകം, പേരില്ല ഞാന്‍, കൂമന്‍പള്ളി, സ്മാര്‍ട്ട്‌ കിട്ടി, സ്തുതിയായിരിക്കട്ടെ, സെലീനയുടെമമ്മി, സൊറപറയാം, ഉണ്ണികളെ വരു കഥ പറയാം, കേരള ഫാര്‍മര്‍, വയല്‍, മുല്ലപ്പൂ, പൂച്ച പുരാണം, തുടങ്ങിയ തൂലികാ നാമങ്ങളിലാണ്‌ ബ്ലോഗിംഗ്‌ നടത്തുന്നത്‌.യു.പുീ യിലെ റിക്ഷാപണിക്കാരന്റെ കഥയെഴുതിയ പ്രവാസി വീട്ടമ്മ മുതല്‍ കാര്‍ഷിക കേരളത്തിന്റെ പ്രസ്നങ്ങളെഴുതി ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ച വിമുക്തഭടന്‍ ചന്ദ്രശേഖരന്‍ നായര്‍ വരെ ഈ കൂട്ടയ്മയിലെ അംഗമാണ്‌. ഒരേ ഓഫീസില്‍ ജോലിചെയ്യുന്നവര്‍, സുഹ്ര്6ത്തുക്കളായിരുന്നവരെല്ലാം തൂലികാനാമം വെളിപ്പെടുത്തിയപ്പോള്‍ പൊട്ടിച്ചിരികളുയര്‍ന്നു. സംഗമം സീനിയര്‍ ബ്ലോഗര്‍ ചന്ദ്രശേഖരന്‍ നായരും ജൂനിയര്‍ ബ്ലോഗര്‍ ആച്ചിയും ചേര്‍ന്ന്‌ ഉത്‌ഘാടനം ചെയ്തു. കേരളത്തില്‍ നടന്ന ആദ്യത്തെ യോഗമയിരുന്നു ഇത്‌.

Friday, June 30, 2006

പൌരന്മാർ രചിക്കുന്ന വാർത്തകൾ

മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ കുറ്റബോധം തോന്നിയതുകൊണ്ടാണോ അതോ ബൂലോകത്തിന്റെ വളർച്ച കണ്ടിട്ടാണോ ഈ ഒരു ചെറിയ അനുകരണത്തിനെങ്കിലും തയ്യാറാവുന്നത്‌?

Saturday, May 13, 2006

കലേഷിനും റീമയ്ക്കും മഗളാശംസകൾ





കലേഷിന്റെയും റീമയുടെയും ഫോട്ടോകൾ ഫ്ലിക്കറിൽ പ്രതീക്ഷിക്കാം

Tuesday, April 25, 2006

സഞ്ചയനം നാളെ

ചരമ അറിയിപ്പ്‌


എന്റെ അനന്തിരവൻ ജി.അജിത്‌കുമാർ ഹൃദയസംബന്ധമായ അസുഖം കാരണം നിര്യാതനായ വിവരം എല്ലാ ഭൂലോക മലയാളികളെയും അറിയിക്കുന്നു. ടാറ്റാ റിസർച്‌ ഇൻസ്റ്റിട്യൂട്ട്‌, വിപ്രോ, ഇന്ത്യൻ റബ്ബർബോർഡ്‌, ഇൻഫോമാറ്റിക്‌സ്‌ എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്യുകയും മെമെക്‌സ്‌ ഇൻഫർമേഷൻ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നപേരിൽ ഒരു സ്ഥാപനം നടത്തിവരുകയും ആയിരുന്നു. തിരുവനന്തപുരം യൂണിവേർസിറ്റി ലൈബ്രറി, പാലക്കാട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌, വിമൺസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ സിസ്റ്റം ഇൻസ്റ്റാൽ ചെയ്തിരുന്നു ഈ സ്ഥാപനം. ഇപ്പോൾ യൂണിവേഴ്‌സൽ എമ്പയർ ഗ്രൂപ്പിൽ (കോപ്പറേറ്റ്‌ അഫയേഴ്‌സ്‌, ന്യൂ ഡൽഹി) ജോലിചെയ്യുകയായിരുന്നു. ഇളയസഹോദരൻ പത്മകുമാർ ബ്രൈട്ടെക്‌ (ടെക്നോപാർക്ക്‌ ജെനറൽ മാനേജർ ആണ്‌). Father: P.Gopalan Nair (Retd from Govt press) Mother: C.Sarojini Amma (Retd teacher AMHS Thirumala) Wife: Bindu (School teacher at Delhi, Daughter of Adv.Rghavan Nair, Adoor) Son: AkhilEsh (Chandu)
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന്‌ വീട്ടുവളപ്പിൽ

Thursday, March 16, 2006

കീടനാശിനി നിയമം പരിഷ്കരിക്കണം

* ആക്ഷേപങ്ങളും അഭിപ്രായങ്ങളും *

1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും വളരെ കാലപ്പഴക്കം ചെന്നതും ദോഷകരവുമാണ്‌. അന്ന്‌ നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട്‌ ആകൃതിയിൽ നിറഭേദം കൊണ്ട്‌ കടുത്തവിഷം ചുവപ്പും വിഷ സൂചനയും, കൂടിയവിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട്‌ വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിർമിത വിഷങ്ങളും കടുത്തവിഷമായ ചുവപ്പിൽ വന്നുചേർന്നു. 35 വർഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ കുട്ടിച്ചോറാക്കിയെന്നതാണ്‌ വാസ്തവം.

നാൾക്കുനാൾ വിപണിയിലെത്തുന്ന പുതുപുത്തൻ വിഷങ്ങളെപ്പറ്റി പഠനമോ ഗവേഷണമോ നടത്താതെ നമ്മുടെ കൃഷിശസ്ത്രജ്ഞർതന്നെ പ്രചാരവും കൊടുക്കുന്നു. അതിന്‌ ഏറ്റവും പുതിയ തെളിവാണ്‌ വെള്ളായണി കാർഷിക സർവകലാശാലയിലെ ഗവേഷകർ ഫലപ്രദമായ റോഡന്റിസൈഡാണ്‌ ബ്രോമാഡിയോലോൺ എന്ന്‌ പ്രഖ്യാപിച്ചത്‌. വേൾഡ്‌ ഹെൽത്ത്‌ ഓർഗനൈസേഷന്റെ സൈറ്റിൽ ഈ വിഷം തികച്ചും അപകടകാരി എന്നും, അതിന്‌ മുൻപ്‌ ലഭ്യമായ കാർബോഫുറാൻ വൻ അപകടകാരി എന്നും ഇരുപതു വർഷമായി ഉപയോഗിക്കുന്ന എൻഡോസൾഫാൻ മിതമായ തോതിൽ അപകടകാരി എന്നും പറയുന്നു. വ്യത്യസ്ഥങ്ങളായ വീര്യമുള്ള ഇവയെല്ലാം തന്നെ ഇന്ത്യയിൽ കഠിനവിഷത്തിലാണ്‌ വരുന്നത്‌. വിഷങ്ങളെല്ലാം തന്നെ വൃക്ഷലതാദികൾക്കും പക്ഷിമൃഗാദികൾക്കും മനുഷ്യനും ഹാനികരമാണ്‌ എന്ന്‌ പ്രത്യേകമ്പറയേണ്ട കാര്യമില്ലല്ലോ. പഞ്ചഭൂതങ്ങളെ നശിപ്പിക്കുന്നവിഷങ്ങളുടെ വീര്യത പരിഗണിച്ച്‌ കാലഹരണപ്പെട്ട പഴയ ഇൻസെക്ടിസൈഡ്‌ ആക്ടും റൂളും ഭേദഗതിവരുത്തുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കരിനുതന്നെയാണ്‌. എൻഡോസൾഫാനേക്കാൾ വീര്യം കൂടിയ ബ്രോമാഡിയോലോൺ ഗോതമ്പ്‌മാവും തേങ്ങപിണ്ണാക്കും പഞ്ചസാരയും കലർന്ന മിശ്രിതത്തിൽ 0.005 ശതമാനം മാത്രമേ ഈ വിഷം അടങ്ങിയിട്ടുള്ളുവെന്നും അതിനാൽ താനിത്‌ ഭക്ഷിച്ച്‌ കാണിക്കാം എന്നും കൃഷിോഫീസറുടെ സാന്നിധ്യത്തിൽ വെയർ ഹൌസിംഗ്‌ കോർപ്പറേഷന്റെ പ്രതിനിധി എന്റെ ഗ്രാമവാസികളോട്‌ പറയുമ്പോൾ ഒരു ജനതയെ അറിഞ്ഞുകൊണ്ട്‌ കൊല്ലുകയല്ലെ ചെയ്യുന്നത്‌. രാസവളവും മറ്റും കാർഷികേതരപട്ടികയിൽ വരുമ്പോൾ ഇത്തരം കാർഷിക ഉത്‌പന്നമല്ലാത്ത വിഷങ്ങൾ കാർഷികപട്ടികയിൽ വരുന്നത്‌ ശരിയാണോ? കേരളത്തിലെ എം.പി മാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും കീടനാശിനി-വിൽപ്പന നിയമങ്ങൾ ഭേദഗതി ചെയ്യിക്കുമെന്നും കേരളത്തെ രക്ഷിക്കുമെന്നും പ്രതീക്ഷിക്കട്ടെ!

എസ്‌.ചന്ദ്രശേഖരൻ നായർ

കടപ്പാട്‌ മാതൃഭൂമി: 16-03-06

http://www.deshabhimani.com/archives/19022006/news/k9.htm

Sunday, February 05, 2006

ഭക്ഷ്യവിഷബാധ ഒരൊഴിയാബാധ

ഈ പടം മാതൃഭൂമി ദിനപത്രത്തിൽ വന്നതോർമയുണ്ടോ? ഭക്ഷ്യ വിഷബാധ എന്തുകൊണ്ടാണുണ്ടാകുന്നത്‌? ഇതിനെപ്പറ്റി അൽപം ചിന്തിക്കുന്നത്‌ നല്ലതാണ്‌. കാരണം ഇതേ വിഷം ജനറൽ ആശുപത്രിയിലെ ഒൻപതാം വർഡിലാണ്‌ വിതരണം ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുകയില്ലായിരുന്നു. അതേസമയം ഏതെങ്കിലും അങ്കൻ വാടിയിലായിരുന്നെങ്കിലോ ഇതിനേക്കാൾ കൂടുതൽ സംഭവിച്ചേനെ. എന്നുവെച്ചാൽ ഇന്ന്‌ വെയർഹൌസിൽ കെട്ടിക്കിടക്കുന്ന അരിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത അരിധാരാളം ഉണ്ടെന്നല്ലേ? ആദ്യമായി ചെയ്യേണ്ടത്‌് ഗോഡൌണുകളിലെ ഭക്ഷ്യയോഗ്യമല്ലാത്ത അരി പ്രകൃതിക്ക്‌ ദോഷം വരാത്തരീതിയിൽ നശിപ്പിക്കലാണ്‌.
കായംകുളത്തുനിന്നും വിനോദയാത്രയ്ക്കയി തിരുവനതപുരത്തെത്തിയ വേലഞ്ചിറ പബ്ലിക്‌ സ്കൂളിലെ സംഘത്തിലെ ചുലർക്കും വിഷബാധ. മറ്റു പല വിഷബാധകളും റിപ്പോർട്ട്‌ ചെയ്യപ്പെടാതെപോകുന്നു. ഒറ്റയ്ക്ക്‌ നേരിടുന്ന വിഷബാധകൾ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുകയും വേണ്ടിവന്നാൽ ഒരുമാസത്തോളം ആശുപത്തിയിൽ തന്നെ ചികിത്സിക്കേണ്ടിവരികയും ചെയ്യുക തിരുവനന്തപുരത്ത്‌ സാധാരണമാണ്‌. കാശുവാങ്ങുക ചികിത്സിക്കുക എന്നതിൽക്കവിഞ്ഞ്‌ ഇതിനെ വെളിച്ചം കാണുക്കുവാനോ ഭക്ഷ്യവിഷബാധകൾ ഒഴിവാക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കുവാനോ ആരും തന്നെ മുതിരാറില്ല. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനേക്കാൾ കുറ്റകരമല്ലെ വിഷം ചേർക്കൽ?

Wednesday, February 01, 2006

വാട്ടർ കാർഡിന്റെ പ്രസക്തി
ഡോ.മാധവൻ കോമത്ത്‌

ജലം നമ്മുടെ പ്രാണനാണ്‌. ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ വസ്തുക്കളിൽ വായുകഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌ ജലത്തിനുള്ളത്‌. മനുഷ്യന്റെ ശരീരഭാഗത്തിന്റെ 70% വും ജലമാണല്ലോ. മനുഷ്യശരീരത്തിലെ എല്ലാ ജൈവ, രാസ പ്രവർത്തനങ്ങൾക്കും ജലം കൂടിയേ മതിയാകൂ. അതുപോലെ എൻസൈമുകളുടെ ശരിയായ പ്രവർത്തനത്തിനും നമുക്ക്‌ ആവശ്യമായ പോഷക പദാർത്ഥങ്ങളുടെ ആഗിരണത്തിനും വെള്ളം അത്യാവശ്യമാണ്‌. വ്യക്തി ജീവിതത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനുമുള്ള പ്രധാന ഘടകമാണ്‌ കുടിവെള്ളം. എന്നാൽ ഈ ജീവാമൃതം അനുദിനം മലിനീകരിക്കപെട്ടുകൊണ്ടിരിക്കയാണെന്ന്‌ നമുക്കെല്ലാം അറിവുള്ളതാണ്‌.

ശുദ്ധജലവും ശുചിത്വവും നല്ല ആരോഗ്യത്തിന്‌ ആവശ്യമായ ഘടകങ്ങളാണ്‌. നമുക്കിടയിൽ കണ്ടുവരുന്ന രോഗങ്ങളിൽ 80% വും ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്‌. കേരളത്തിൽ വർഷംതോറും ആറുലക്ഷത്തിൽപ്പരം ആളുകൾ ജലജന്യരോഗങ്ങൾക്ക്‌ അടിമപ്പെടുന്നുണ്ട്‌. ഇതിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്‌. ജലജന്യരോഗങ്ങൾക്ക്‌ മുഖ്യകാരണം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല എന്നതാണ്‌.

ശുദ്ധമായ വെള്ളം എന്നു പറയുന്നത്‌ നിറമോ മണമോ രുചിയോ ഇല്ലാത്ത ഒരു പദാർത്ഥമായിട്ടാണല്ലോ നാം കുഞ്ഞുനാളിൽ പഠിച്ചത്‌. എന്നാൽ ഇത്‌ എത്രമാത്ര്ം ശരിയണ്‌? "തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം" എന്ന്‌ കവിപാടിയതോർക്കുന്നില്ലെ? അതേ, നാം കുടിക്കുന്ന വെള്ളത്തിന്‌ അതിന്റേതായ മണവും നിറവും രുചിയും എല്ലാം ഉണ്ട്‌. വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങളാണ്‌ ജലത്തിന്‌ അതിന്റെ രുചി നൽകുന്നത്‌. കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, അലുമിനിയം, ഇരുമ്പ്‌ മുതലായ ലോഹങ്ങളും ധാതുലവണങ്ങളുമാണ്‌ ജലത്തിന്റെ രുചിക്ക്‌ കാരണം. ഈ ഘടകങ്ങളെല്ലാം ഒരു പരിധിവരെ നമ്മുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ഇവയും നമുക്ക്‌ ഹാനികരമാണ്‌. ഇവ്‌ഇടെയാണ്‌ ജലപരിശോധനയുടെ ആവശ്യം നാം മനസിലാക്കേണ്ടത്‌. വെള്ളത്തിലെ ഓരോ ഘടകവും ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിഷ്കർഷിക്കുന്ന അളവിനേക്കാൾ കൂടുതലാണോ അല്ലയോ എന്നറിയണമെങ്കിൽ നാം കുടിക്കുന്ന വെള്ളം സമഗ്രമായി അപഗ്രഥിക്കണം.

ശുദ്ധമെന്ന്‌ കരുതിയിരുന്ന പല ജലസ്രോതസ്സുകളും ഇന്ന്‌ മലിനീകരിക്കപ്പെടുന്നതിനാൽ ഗുണനിലവാരം അളക്കുന്നതിനുള്ള സംവിധാനങ്ങൾ ആവശ്യമായിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമർഥരായ ശാസ്ത്രജ്ഞരുടെ ശ്രമഭലമായി ഇന്ന്‌ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ലഭ്യമാണ്‌. ഇന്ന്‌ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളം പരിശോധിക്കുന്നതിനുള്ള പരീക്ഷണശാലകളും നിലവിലുണ്ട്‌.

നാം കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ലളിതമായ ശുദ്ധീകരണമാർഗങ്ങളെപ്പറിയും ഒരു സാമാന്യ ബോധം നമ്മൾ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. കുടിവെള്ളം വർഷത്തിലൊരിക്കൽ സമഗ്രമായ പരിശോധനയ്ക്ക്‌ വിധേയമാകുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ഒരു പുതിയ കിണർ നിർമിച്ചു കഴിഞ്ഞാൽ ആ കിണറ്റിലെ വെള്ളം കുടിക്കാൻ ഉപയുക്തമാണോ എന്നറിയേണ്ടതുണ്ട്‌. അതിന്‌ ആദ്യമായി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും അടുത്തുള്ള ഏതെങ്കിലും പരിശോധനാ ലബോറട്ടറിയിൽ സാമ്പിൾ എത്തിക്കുകയും ചെയ്യണം. ഇത്‌ മിക്കപേരും ചെയ്യാറില്ല. ഇവിടെയാണ്‌ വാട്ടർ കർഡിന്റെ പ്രസക്തി. നമ്മൾ ഓരോരുത്തരും പലതരത്തിലുള്ള കാർഡുകളുടെ ഉടമകളാണല്ലോ. റേഷൻ കാർഡു മുതൽ തിരിച്ചറിയൽ കാർഡ്‌ വരെ വിവിധ തരത്തിലുള്ള കാർഡുകൾ നാം ഇന്ന്‌ ഉപയോഗിച്ചുവരുന്നുണ്ടല്ലോ. നമ്മളിൽ പലരും രക്തം, മൂത്രം എന്നിവയുടെ പരിശോധനാ റിപ്പോർട്ട്‌ സൂക്ഷിക്കുന്നവരാണ്‌. എന്നാൽ നമ്മുടെ ജീവന്റെ ജീവനായ ജലത്തെക്കുറിച്ചുള്ള ആധികാരികമായ രേഖ ഉൾക്കൊള്ളുന്ന ഒരു വാട്ടർ കാർഡ്‌ നമുക്ക്‌ ആവശ്യമില്ലേ? ഓരോ ദിവസവും ശരാശരി രണ്ടുമുതൽ മൂന്നുലിറ്റർവരെ വെള്ളം നാം കുടിക്കുന്നുണ്ട്‌. സ്വന്തം വീട്ടിലെ വെള്ളത്തിനു പുറമേ ഹോട്ടലുകൾ ജൂസ്‌പാർലറുകൾ, ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം നമ്മൾ വെള്ളം കുടിക്കുന്നവരാണ്‌. ഈ വെള്ളം എവിടെനിന്ന്‌ ശേഖരിച്ചതാണെന്നോ ഗുണനിലവാരം ഉറപ്പുവരുത്തിയതാണെന്നോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. നാം ഉപയോഗിക്കുന്ന ജലം ഭൂജലമാണോ ഉപരിതലജലമാണോ എന്നതൊക്കെ അറിയേണ്ടത്‌ അത്യാവശ്യമാണ്‌. ആരോഗ്യവകുപ്പിന്‌ ഹോട്ടലുകളിലും ആശുപത്രികളിലുമെല്ലാം വാട്ടർ കാർഡ്‌ നിർബന്ധമാക്കാവുന്നതാണ്‌. വാട്ടർകാർഡിൽ ജലത്തിന്റെ ഉറവിടം, പരിശോധനാ റിപ്പോർട്ട്‌, ശുദ്ധീകരണരീതി എന്നിവ നിർബന്ധമായും അടങ്ങിയിരിക്കണം. വെള്ളത്തിലെ മാലിന്യങ്ങൾ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിഷ്കർഷിച്ച്‌അ അളവിനേക്കാൾ കൂടുതലാണെങ്കിൽ അവ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗിക്കാവൂ. കുടിവെള്ളസ്രോതസ്സുകൾ മലിനീകരിക്കപ്പെടാതെ പരിരക്ഷിക്കേണ്ടതും ഒപ്പം അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌.

കടപ്പാട്‌: മാതൃഭൂമി 1-2-06

Saturday, January 28, 2006

ചവർ നീക്കാൻ പുതിയ പദ്ധതി
കടപ്പാട്‌: മാതൃഭൂമി 28-1-06

Monday, December 12, 2005

പുരയിടകൃഷി
(വേദി: അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്‌ 2005)

ഞാൻ പങ്കെടുത്ത ചർച്ചകളിൽ എനിക്കേറ്റവും ആകർഷണീയമായിത്തോന്നിയ ഒരു വിഷയം ചുവടെ ചേർക്കുന്നു.
കേരളത്തിലെ ഒരു കൃഷിഭവനിലെ കൃഷി ഓഫീസർ ചെയ്ത സുതാര്യവും പ്രയോജനപ്രദവുമായ പ്രവർത്തനം തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുകയുണ്ടായി. നാലു വർഷങ്ങൾക്കുമുമ്പ്‌ 500 കർഷകരെ ഉൾപ്പെടുത്തി ശരാശരി 10 തെങ്ങുകൾ വീതം കണക്കാക്കി വെറും 150 രൂപ മാത്രം നൽകിക്കൊണ്ട്‌ നല്ല ഒരു പ്രവർത്തനം കാഴ്ചവെച്ചു. അത്‌ ഇപ്രകാരമായിരുന്നു.
പാഴ്‌ മരങ്ങൾ മുറിച്ചുമാറ്റി തെങ്ങുകൾക്ക്‌ നമ്പർ ഇട്ടു. ഓലയുടെ എണ്ണം അപ്പോഴുള്ള തേങ്ങയുടെ എണ്ണം എന്നിവ ഒരു റജിസ്റ്ററിൽ രേഖപ്പെടുത്തി. കർഷകർതന്നെ പച്ചിലവളങ്ങളും മണ്ണിര ക്മ്പോസ്റ്റും മറ്റും നിർമിച്ച്‌ ശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നടത്തുകയും എല്ലാവർഷവും കിട്ടിയ തേങ്ങയുടെ കണക്കുകൾ സൂക്ഷിക്കുകയും ചെയ്തു. ഇപ്പോൾ നാലു വർഷങ്ങൾക്കുശേഷം മറ്റു കർഷകരെ അത്‌ കാണുവാൻ അദ്ദേഹം ക്ഷണിക്കുകയാണ്‌. ഇക്കാര്യത്തിൽ അന്വേഷണങ്ങൾക്ക്‌ കൺവീനർ ആയിരുന്ന ഭാസ്കരൻ.സി, കാർഷിക കോളേജ്‌, തിരുവനന്തപുരം മറുപടി പറയട്ടെ. കർഷകർക്ക്‌ കൃഷിരീതികൾ അറിയാമെങ്കിലും ശാസ്ത്രീയമായ അറിവുകൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന നേട്ടങ്ങൾ പ്രശംസനീയം തന്നെയാണ്‌. ഇതിനേക്കാൾ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ മറ്റു കൃഷിഭവനുകൾക്കും കഴിയണം. ഇവർ ശമ്പളം വാങ്ങുന്നത്‌ എൽ.ഡി.സി യുടെയും അക്കൌണ്ട്‌അന്റിന്റെയും പ്യൂണിന്റെയും ജോലിക്കല്ലയെന്നും കാർഷിക മേഖലയുടെ വികസനമാണ്‌ ലക്ഷ്യമെന്നും ഗ്രാമ പഞ്ചായത്തുകൾക്കും ഓർമ വേണം.

Saturday, December 03, 2005

ഓലപുരകളുടെ മുകളിൽ മത്തൻ പടർത്തിവിട്ട്‌ കയ്ച്ചുകിടക്കുന്നത്‌ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്‌.

ചതുരത്തിലെ മത്തൻ ആദ്യമായി കാണുന്നു.
ഉദയസൂര്യന്റെ നാട്ടില്‍: ചതുരമത്തൻ

Thursday, November 24, 2005

രാസഫാക്ടറിയിൽ വൻസ്പോടനം
ചൈനീസ്‌ നദി മലിനമായി; 90 ലക്ഷം പേർക്ക്‌ കുടിവെള്ളം മുട്ടി
ബെയ്‌ജിങ്‌: വടക്കുകിഴക്കൻ ചൈനയിൽ രാസഫാക്ടറിയിലുണ്ടായ സ്പോടനത്തെത്തുടർന്ന്‌ ഒരു സുപ്രധാന നദി അപകടകരമായനിലയിൽ മലിനമായി.ഇതുമൂലം 90 ലക്ഷം പേർ പാർക്കുന്ന ഹാർബിൻ നഗരത്തിലെ ജലവിതരണം അധികൃതർക്ക്‌ നിറുത്തിവെക്കേണ്ടിവന്നു.ജിലിൻ പ്രവിശ്യയിൽ സോങ്ങ്‌ഹുവ നദിക്കരയിൽ പ്രവർത്തിക്കുന്ന 'പെട്രോചൈന പെട്രോക്കെമിക്കൽ' ഫാക്ടറിയിലാണ്‌ നവംബർ 13 ന്‌ സ്പോടനമുണ്ടായത്‌. അതേത്തുടർന്ന്‌ ഫാക്ടറിയിൽനിന്ന്‌ വൻതോതിൽ ബൻസീൻ നദിയിലേക്കൊഴുകി.ദേശീയതലത്തിൽ അനുവദനീയമായതിലും 108 മടങ്ങ്‌ കൂടുതലാണ്‌ നദീജലത്തിലെ ബെൻസീൻ സാനിധ്യമെന്ന്‌, എൺവിരോൺമെന്റൽ പ്രൊട്ടെക്ഷൻ ഏജൻസി (എ.പി.എ) ബുധനാഴ്ച വെളിപ്പെടുത്തി. ഇത്തരമൊരു സ്പോടനമുണ്ടായ കാര്യം കഴിഞ്ഞ പത്തുദിവസമായി അധികൃതർ നിഷേധിക്കുകയായിരുന്നു. ജലമലിനീകരണമ്മൂലം, സ്പോടനം നടന്ന സ്ഥലത്തുനിന്ന്‌ 380 കിലോമീറ്റർ താഴെ ഹെയ്‌ലോങ്ങ്‌ ജിയാങ്ങ്‌ പ്രവിശ്യയിലെ ഹാർബിൻ നഗരം വൻ ഭീഷണിനേരിടുകയാണ്‌. ബർസീൻ മലിനമാക്കിയ വെള്ളം വ്യാഴാഴ്ച പുലർച്ചയോടെ നഗരത്തിലെത്തുമെന്നാണ്‌ കരുതുന്നത്‌. 90 ല്ക്ഷം പേർ താമസിക്കുന്ന ആ നഗരത്തിൽ ജലവിതരണം റദ്ദാക്കിയിരിക്കുകയാണ്‌.അർബുദകാരിയായ രാസവസ്ഥുവാണ്‌ ബൻ-സീൻ അത്‌ ഉയർന്നതോതിൽ ഉള്ളിൽ ചെല്ലുന്നത്‌ മാരകമാണ്‌. നദീതീരത്തെ ഒട്ടേറെ ചെറുപട്ടണങ്ങളും ഭീഷണിയിലാണ്‌. പരിസ്ത്‌ഹിതിക്കും കനത്ത നാശമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ റിപ്പോർട്ടുകൾ പറയുന്നു.
കടപ്പാട്‌: മാതൃഭൂമി 24-11-05
"രാസ മാലിന്യങ്ങൾ കുടിവെള്ളത്തിൽ ചേരാതിരിക്കുവാനുള്ള സംവിധാനങ്ങൾക്കാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌"

Friday, November 18, 2005

കാക്കകൾ കൂട്ടത്തോടെ ചത്താലും പക്ഷിപ്പനിയാണോ എന്നാവും അന്വേഷണം. അല്ലാതെ വിഷം കഴിച്ചതാണോ എന്ന്‌ അന്വേഷിക്കാൻ കഴിയില്ലല്ലോ. വിഷമാണെന്നറിഞ്ഞാൽ അതിന്റെ ഉത്ഭവസ്ഥാനമൊക്കെ അന്വേഷിക്കേണ്ടിവരില്ലെ. മനുഷ്യൻ ചത്താൽ പോസ്റ്റ്‌മർട്ടം നടത്തി കാരണം കണ്ടുപിടിക്കും. ഇത്‌ പാവം കാക്കയുടെ കാര്യം.
എന്റെ ലോകം: കാക്ക
ടെഹ്‌രിക്ക്‌ ജലസമാധി

ടെഹ്‌രി അണക്കെട്ടിൽ ജലനിരപ്പ്‌ ഉയർന്നതോടെ മുങ്ങിയമരുന്ന ടെഹ്‌രി പട്ടണത്തിന്റെ ദൃശ്യം
ടെഹ്‌െരി: അണകെട്ടിനിർത്തിയ ഭാഗീരഥിയിൽ ജലനിരപ്പുയരുന്നു. ടെഹ്‌രി ജലസമാധിയടയാൻ ഇനി നാളുകൾ മാത്രം. ഈ പുരതന പട്ടണത്തെ അവസാനമായി ഒരു നോക്കു കാണാൻ ഉത്തരാഞ്ചലിലേക്ക്‌ സന്ദർശകർ ഒഴുകുകയാണ്‌.ഗംഗയുടെ പോഷകനദിയായ ഭാഗീരഥിനദിയിൽ അണകെട്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ടെഹ്‌രി പദ്ധതി പരിസ്തിതി പ്രവർത്തകരുടെ കടുത്ത പ്രതിഷേധം അവഗണിച്ച്‌ യാധാർഥ്യത്തോട്‌ അടുക്കുകയാണ്‌. അണക്കെട്ടിന്റെ അവസാന ജലനിർഗമന കവാടവും അടയ്ക്കാൻ ഉത്തരാഞ്ചൽ ഹൈക്കോടതി അനുമതി നൽകിക്കഴിഞ്ഞു. അതോടെയാണ്‌ ടെഹ്‌രി പട്ടണത്തിനും സമീപഗ്രാമങ്ങൾക്കും മരണമണി മുഴങ്ങിയത്‌. പട്ടണം ഒരു തടാകമായി മാറിക്കോണ്ടിരിക്കുകയാണിപ്പോൾ.
ഹിമാലയൻ താഴ്‌വരയിലെ ടെഹ്‌രി- ഗഡ്‌വാൽരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഈ പട്ടണം. നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകളുമായി നിൽക്കുന്ന ടെഹ്‌രിയെ അവസാനമായി ഒരുനോക്കു കാണാൻ തെക്കെ ഇന്ത്യയിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ട്‌.സഞ്ചാരികൾക്ക്‌ ഇത്‌ വെറും വിനോദമാണ്‌. എന്നാൽ ഈ നാടുമായി ബന്ധമുള്ളവർക്ക്‌ ഹൃദയം തകർക്കുന്ന കാഴ്ചയാണിത്‌. "ടെഹ്‌രി' യിലെ ക്ഷേത്രങ്ങളും പുരാതണാ ദർബാറും ചന്തയുമൊന്നും ഭാവിതലമുറയ്ക്ക്‌ കാണാനാവില്ല". - ടെഹ്‌രിവിട്ട്‌ ഡെഹ്‌റാഡൂണിൽ താമസമാക്കിയ ലക്ഷ്മി നൌദിയാൽ വേദനയോടെ പറയുന്നു. പരിസ്ഥിതി പ്രവർത്തകർക്ക്‌ ഇത്‌വെറും, വൈകാരിക പ്രശ്നമല്ല. വരനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ മുന്നോടിയാന്‌ ടെഹ്‌രി അണെക്കെട്ടെന്ന്‌ അവർ മുന്നറിയിപ്പു നൽകുന്നു.
ഭൂകമ്പസാധ്യത ഏറെയുള്ള ഗഡ്‌വാൽ മേഖലയിൽ അണകെട്ടുന്നതിനെതിരെ പരിസ്ഥിതിപ്രവർത്തകരുടെ ആചാര്യൻ സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നെങ്കിലും ഭൂകമ്പത്തിൽ അണക്കെട്ടുതകർന്നാൽ പ്രളയജലം ഡൽഹിവരെ എത്തുമെന്ന്‌ ബഹുഗുണ മുന്നറിയിപ്പ്‌ നൽകി. പുണ്യനദി ഭാഗീരഥിയുടെ ഒഴുക്ക്‌ നിറുത്തരുതെന്നാവശ്യപ്പെട്ട്‌ ഹൈന്ദവ സംഘടനകളും രംഗത്തുവന്നു. പക്ഷേ എല്ല എതിർപ്പുകളും അവഗണിച്ച്‌ ഭരണകൂടം പദ്ധതിയുമായി മുന്നോട്ട്‌ പോയി. സുന്ദർലാൽ ബഹുഗുണയുടെ വീടുപോലും വെള്ളത്തിനടിയിലായി.
45 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള ടെഹ്‌രി ഡാമിലെ ജലനിരപ്പ്‌ 700 മീറ്റർ ഉയരെ എത്തിക്കഴിഞ്ഞു. മൂന്നു നാലു മാസത്തിനകം ഇത്‌ 730 മീറ്ററായി ഉയരുമ്പോൾ വൈദ്യുതിഉൽപ്പാദനം ആരംഭിക്കും. അതിനു മുമ്പുതന്നെ 125 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. ഒരുലക്ഷം പേരെ മാറ്റി പർപ്പിച്ചു.അടുത്ത വർഷത്തോടെ പദ്ധതിയിൽനിന്ന്‌ 1,000 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.
കടപ്പാട്‌: മാതൃഭൂമി ദിനപത്രം 18-11-2005
"ഇനിയൊരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കുവാൻ പ്രാർത്ഥിക്കാം. 250 മെഗാവാട്ട്‌ ശേഷിയുള്ള നാല്‌ ഡാമുകൾ ആയിരുന്നുവെങ്കിൽ നീരൊഴുക്കും തടയുകയില്ല പ്രകൃതിദുരന്തത്തെയും ഭയപ്പെടേണ്ടായിരുന്നു."

Tuesday, November 15, 2005

'മാതൃഭൂമി' വാർത്ത തുണച്ചു
ശങ്കരപ്പിള്ളയ്ക്കും കുടുംബത്തിനും കോടതി രക്ഷകയായി

വേട്ടമ്പള്ളി സ്വദേശി ശങ്കരപ്പിള്ള, ഭാര്യ സരോജിനി അമ്മ, മകൻ വേണുഗോപാലൻ നായർ എന്നിവരെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോകുന്നു

സ്വന്തം ലേഖകൻ

നെടുമങ്ങാട്‌:സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ദുരിതത്തിൽ കഴിയുന്ന മൂന്നംഗ കുടുംബത്തിന്‌ 'മാതൃഭൂമി' വാർത്ത തുണയായി. വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്ത്‌ മൂനുപേർക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ട്‌ എസ്‌.സോമനാണ്‌ പത്രവാർത്തയുടെ അടിസ്ത്താനത്തിൽ കേസെടുത്ത്‌ ദുരിതത്തിൽ കഴിയുന്നവർക്ക്‌ സംരക്ഷണം നൽകാൻ ഉത്തരവിട്ടത്‌.

സമ്പത്തുണ്ടായിട്ടും രോഗവും പട്ടിണിയും കാർഅണം ദുരിതമനുഭവിക്കുന്ന വേട്ട്മ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റുവീട്ടിൽ പനവൂർ ശങ്കരപ്പിള്ള (67), ഭാര്യ സരോജിനി അമ്മ (60), മകൻ വേണുഗോപാലൻ നായർ (40) എന്നിവർക്കാണ്‌ കോടതി രക്ഷയായത്‌.

കോടതി ഉത്തരവിൻ പ്രകാരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽനിന്നും ജീവനക്കാരെത്തി മൂന്നുപേരെയും ആംബുലൻസിൽ കൊണ്ടുപോയി. മാനസികനില താളം തെറ്റിയ സരോജിനി അമ്മയേയും വേണുഗോപാലൻ നായരേയും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രോഗശയ്യയിൽ കിടക്കുന്ന ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധ സദനത്തിലും പ്രവേശിപ്പിച്ചു.

ശങ്കരപ്പിള്ളയുടേയും കുടുംബത്തിന്റെയും സ്വത്തുക്കൾ സംരക്ഷിക്കാൻ നെടുമങ്ങാട്‌ പോലീസിനോട്‌ കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.വീടുസാധനങ്ങളുടെ പട്ടികയെടുത്ത്‌ വീട്‌ പൂട്ടി താക്കോൽ പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്‌. പോലീസിന്റെ സാന്നിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ കുമരന്റെ നേതൃത്വത്തിലാണ്‌ ഇവരെ ആശുപത്രിയിൽ എത്തിച്ചത്‌. പത്തുദിവസത്തിനുള്ളീൽ ഇവരുടെ രോഗവിവരം കോടതിയെ അറിയിക്കാൻ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനോട്‌ നിർദ്ദേശിച്ചിട്ടുണ്ട്‌.

'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസുമായി ഒരു കുടുമ്പം' എന്ന തൽക്കെട്ടിൽ 13 ന്‌ 'മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൃഷിചെയ്ത്‌ ഉപജീവനം നടത്തിയിരുന്ന ശങ്കരപ്പിള്ള രണ്ടുവർഷം മുമ്പാണ്‌ നട്ടെല്ല്‌ പഴുത്ത്‌ കിടപ്പിലായത്‌. മനസിന്‌ താളം തെറ്റിയ വേണുഗൊപാലൻ നായരും സരോജിനി അമ്മയും ഇതോടെ പട്ടിണിയിലായി.

പ്രീ ഡിഗ്രി വരെ പഠിച്ച വേണു ആധ്യാത്മികതയിൽ ആകൃഷ്ടനായി നാടുവിട്ടു. ശിവഗിരി മഠത്തിൽ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന്‌ കുറച്ചുകാലം പഠനം നടത്തി. അവിട്‌എനിന്നും തിരിച്ചുപോന്ന വേണു നാട്ടിൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുകയായിരുന്നു. നഗ്നനായി റോഡിലൂടെ നടക്കുമ്പോൾ വേണുവിനെ ചിലർ കല്ലെറിയുന്നത്‌ പതിവായിരുന്നു.ശങ്കരപ്പിള്ളയേയും കുടുംബത്തേയും സംരക്ഷിതകേന്ദ്രത്തിലെത്തിക്കാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. ഈ കുടുംബത്തെ രക്ഷിക്കാൻ കോടതി കനിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാർ.

കടപ്പാട്‌: മാതൃഭൂമി 2005 നവംബർ 15 ചൊവ്വാഴ്ച

"സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വകുപ്പ്‌ വേറെ പക്ഷേ വൈകിപ്പോയി"

കോടതി കനിഞ്ഞെങ്കിലും സഹായത്തിന്‌ കാത്തുനിൽക്കാതെ വേണുഗോപാലൻ യാത്രയായി

നെടുമങ്ങാട്‌: കോടതിയുടെ ഇടപെടലിലൂടെ ലഭിച്ച സഹായം വേണുഗോപാലിന്‌ അധികനാൾ വേണ്ടിവന്നില്ല. ദുരിതപർവം പൂർത്തിയാക്കി വേണുഗോപാലൻ യാത്രയായി.'മാതൃഭൂമി' വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം ചികിത്സയ്ക്കായി പേരൂർക്കട മാനസ്സികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുപോയ വേട്ടമ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റ്‌ വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ വേണുഗോപാലൻ നായർ (40) മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു.'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസ്സുമായി ഒരു കുടുംബം' എന്ന റ്റ്‌ഹലക്കെട്ടിൽ നവംബർ 13 ന്‌ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ലക്ഷങ്ങളുടെ സ്വത്തുണ്ടായിട്ടും ശങ്കരപ്പിള്ളയും ഭാര്യ സരോജിനിയമ്മയും മകൻ വേണുഗോപാലൻ നായരും രോഗവും പട്ടിണിയും കാരണം ദുരിതമനുഭവിക്കുകയായിരുന്നു. ശങ്കരപ്പിള്ള നട്ടെല്ല്‌ തളർന്ന്‌ കിടപ്പായിരുന്നു. സരോജിനിയമ്മയും മകനും താളം തെറ്റിയ മനസുമായി തകർന്ന്‌ വീഴാറായ വീടിനുള്ളിൽ മലമൂത്രവിസർജ്യങ്ങൾക്ക്‌ നടുവിലാണ്‌ കിടന്നിരുന്നത്‌`.'മാതൃഭൂമി' വാർത്തയിലൂടെ ഇവരുടെ ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ്‌ ഇവരെ ഏറ്റെടുക്കാൻ ഉത്തരവിട്ടത്‌. അതിൻ പ്രകാരം നവംബർ 15 ന്‌ നെടുമങ്ങാട്‌ പോലീസിന്റെ സാന്നിധ്യത്തിൽ വീടുപൂട്ടി കോടതി ഏറ്റെടുക്കുകയായിരുന്നു. മാനസികനില തെറ്റിയ വേണുഗോപാലൻ നായർഏയും സരോജിനിഅമ്മയേയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധസദനത്തിലുമാണെത്തിച്ചത്‌. അർബുദം ബാധിച്ചുകിടന്ന ശങ്കരപ്പിള്ളയെ കോടതി നിർദ്ദേശപ്രകാരം ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കാലുകൾ നിവർത്തി എഴുന്നേൽക്കാൻ കഴിയുന്ന അവസ്ഥയിലായി ശങ്കരപ്പിള്ള.വേണുഗോപാലന്റെ മാനസികനില ശരിയായിവരുന്നതിനിടയിലാണ്‌ കുടലിന്‌ അസുഖം പിടിപെട്ടത്‌. അസുഖത്തെത്തുടർന്ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ ഒരുമണിക്കാണ്‌ വേണുഗോപാലൻ മരിച്ചത്‌. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌.മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. കോടതി നിർദ്ദേശപ്രകാരം നെടുമങ്ങാട്‌ പോലീസ്‌ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ ബന്ധുക്കൾ വാങ്ങി.

കടപ്പാട്‌: മാതൃഭൂമി 30-11-05

"വേണുഗോപാലന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു"